Quantcast

ഹൈദരലി തങ്ങൾ, ബൈത്തുറഹ്‌മയുടെ വഴികാട്ടി

ബൈത്തുറഹ്‌മ മലപ്പുറം ജില്ലയുടെ അതിരുകളിൽ അവസാനിക്കരുതെന്നും അർഹരായവർക്കെല്ലാം അഭയമാകുന്ന പദ്ധതിയായി എക്കാലവും അത് തുടരണമെന്നും ആവശ്യപ്പെട്ടത് ഹൈദരലി തങ്ങളായിരുന്നു

MediaOne Logo

Web Desk

  • Updated:

    6 March 2022 2:37 PM

Published:

6 March 2022 8:57 AM

ഹൈദരലി തങ്ങൾ, ബൈത്തുറഹ്‌മയുടെ വഴികാട്ടി
X

നിരവധി നിരാലംബർക്ക് കയറിക്കിടക്കാൻ സുരക്ഷിത ഭവനങ്ങളൊരുക്കിയ ബൈത്തുറഹ്‌മ ഭവന നിർമാണ പദ്ധതിയുടെ ശിൽപി കൂടിയാണ് അന്തരിച്ച പാണക്കാട് ഹൈദരലി തങ്ങൾ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ബൈത്തുറഹ്‌മ പദ്ധതി പത്ത് വർഷം കൊണ്ട് രാജ്യമാകെ പടർന്നിരിക്കുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ബൈത്തുറഹ്‌മ ഭവന നിർമാണ പദ്ധതിയെന്ന ആശയത്തിന് പിന്നിൽ. 2011 ൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷകൊണ്ട് പൂർത്തിയാക്കിയത് 2013 ൽ 151 വീടുകൾ നിർമിച്ചു. എന്നാൽ ബൈത്തുറഹ്‌മ ഇത്രയും വീടുകളിൽ അവസാനിക്കരുതെന്നും അർഹരായവർക്കെല്ലാം അഭയമാകുന്ന പദ്ധതിയായി എക്കാലവും അത് തുടരണമെന്നും ആവശ്യപ്പെട്ടത് ഹൈദരലി തങ്ങളായിരുന്നു. ആദ്യഘട്ട വീടുകളുടെ കൈമാറ്റച്ചടങ്ങിലായിരുന്നു തങ്ങളുടെ നിർദേശം. പ്രിയപ്പെട്ട നേതാവിന്റെ ആ ആഹ്വാനം മുസ്‌ലിം ലീഗ് പ്രവർത്തകരും ഉദാരമനസ്‌കരായ മനുഷ്യരും ഏറ്റെടുത്തു. മലപ്പുറം ജില്ലയുടെ അതിരുകൾ കടന്ന് രാജ്യമാകെ അഭയമറ്റവർക്ക് ബൈത്തുറഹ്‌മ കാരുണ്യത്തിന്റെ തണൽ വിരിച്ചു.

ജാതി മത ഭേദമന്യേ ബൈത്തുറഹ്‌മ പദ്ധതിയിലേക്ക് മനുഷ്യരുടെ സഹായം പ്രവഹിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിനും മുസഫർ നഗറിലെ കലാപ ഇരകൾക്കും ബൈത്തുറഹ്‌മ ഭവനങ്ങൾ സുരക്ഷയൊരുക്കി. 61 വീടുകളാണ് മുസഫർ നഗർ കലാപ ബാധിതർക്ക് വേണ്ടി നിർമിച്ചു നൽകിയത്. നിരാലംബരുടെ കണ്ണീരൊപ്പുക മാത്രമായിരുന്നു ബൈത്തുറഹ്‌മയുടെ ഗുണഭോക്താവിനെ തെരഞ്ഞെടുക്കാൻ മാനദണ്ഡമായിരുന്നത്. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും അതിൽ കടന്നുവന്നിരുന്നില്ല.

ബൈത്തുറഹ്‌മ എന്നാൽ കാരുണ്യത്തിന്റെ ഭവനം എന്നാണർഥം. അനേക മനുഷ്യർക്ക് അഭയമൊരുക്കിയ കാരുണ്യക്കടലായി ഇനി ബൈത്തുറഹ്‌മയിലൂടെ എക്കാലവും ഹൈദരലി തങ്ങൾ ഓർമിക്കപ്പെടും. അവിടെ അന്തിയുറങ്ങുന്ന മനുഷ്യരുടെ പ്രാർത്ഥനകളിൽ ഹൈദരലി തങ്ങളുമുണ്ടാകും.

The late Panakkad Hyderali Thangal was also the architect of the Baithurahma housing project which provided safe houses for many homeless people.

TAGS :

Next Story