മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് ലീഗ്; മൂന്നാം ഘട്ട ചർച്ചയിൽ തീരുമാനം വേണമെന്ന് നേതാക്കൾ
ഇതിനിടെ കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി
പിഎംഎ സലാം/കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: രണ്ട് ഉഭയകക്ഷി ചർച്ചകളും തീരുമാനമാകാതെ പിരിഞ്ഞതോടെ മൂന്നാം സീറ്റിൽ നിലപാട് കടുപ്പിച്ച് മുസ്‍ലിം ലീഗ്. ഈ മാസം 13ന് നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ തീരുമാനമുണ്ടാകണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇതിനിടെ കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‍ലിം ലീഗ് മൂന്നാം സീറ്റെന്ന ആവശ്യം ഉന്നയിക്കുന്നത് പതിവാണ്. എല്ലാത്തവണയും ചർച്ചകളിലൂടെ ലീഗിനെ പിന്തിരിപ്പിക്കുകയാണ് കോൺഗ്രസ് രീതി. ഇക്കുറി അതങ്ങനെയല്ല. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ പിടിമുറുക്കാനാണ് ലീഗ് തീരുമാനം. എന്നാൽ സിറ്റിംഗ് സീറ്റ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ കണ്ണൂരോ വടകരയോ എന്നതാണ് ലീഗ് മുന്നോട്ടുവെച്ചിരിക്കുന്ന ഫോർമുല. ഇതംഗീകരിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ലീഗിന്‍റെ ആവശ്യം ഹൈക്കമാൻഡിന് മുന്നിൽവെച്ചിരിക്കുകയാണ് എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന വാദം.
എന്നാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്നുതന്നെ ഇതിന് എതിർപ്പുയർന്നതാണ് തീരുമാനം വൈകാൻ കാരണം. 13ന് നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ തീരുമാനം വേണമെന്നാണ് ലീഗ് ഉയർത്തിയിരിക്കുന്ന ആവശ്യം. ബാക്കിയെല്ലാ കക്ഷികളുമായുള്ള ചർച്ചകളും പൂർത്തിയായതാണ് ഇതിന് കാരണം. ലീഗിനെ കൂടാതെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മാത്രമാണ് സീറ്റ് ആവശ്യപ്പെട്ടിരുന്നത്. കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനമായതായാണ് വിവരം. സ്ഥാനാർഥിയെ തീരുമാനിക്കാൻ പി.ജെ ജോസഫിനെ ഇന്നലെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി ലീഗിന മൂന്നാം സീറ്റ് മാത്രമാണ് കോൺഗ്രസിന് മുന്നിലെ പ്രതിസന്ധി.
Adjust Story Font
16