Quantcast

'പട്ടിക തയ്യാറാണ്, പല പ്രമുഖരും വരും'; മോദിയുടെ സന്ദർശനം വഴിത്തിരിവാകുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷ വച്ചു പുലർത്തുന്നവരെയാണ് തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-18 12:01:55.0

Published:

18 April 2023 11:33 AM GMT

k surendran
X

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം കേരളത്തിലെ ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയത്ത് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങൾക്ക് പാർട്ടി അംഗത്വം നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ അംഗത്വമെടുക്കേണ്ടവരുടെ പട്ടിക തയ്യാറായിട്ടുണ്ടെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

'പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടികളിലും കർഷക സംഘടനകളിലും പ്രവർത്തിച്ച എൺപതോളം ന്യൂനപക്ഷ കുടുംബങ്ങളാണ് ബിജെപിയിൽ ചേർന്നിരിക്കുന്നത്. പത്തനംതിട്ടയിലും പല പ്രമുഖരും പാർട്ടിയിൽ ചേരാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് ശേഷം വ്യാപകമായ രീതിയിൽ ബിജെപിയിലേക്ക് ആളുകളെ ചേർക്കുന്ന ക്യാംപയിൻ സംഘടിപ്പിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പാർട്ടിയിൽ ചേരേണ്ട ആളുകളുടെ പട്ടിക തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇത്തവണ വലിയ വഴിത്തിരിവായി മാറും. യുവം എന്ന യൂത്ത് കോൺക്ലേവിന് -അത് രാഷ്ട്രീയ പരിപാടിയല്ല- വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.' - അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഭാവിയെ കുറിച്ച് പ്രതീക്ഷ വച്ചു പുലർത്തുന്നവരെയാണ് തങ്ങൾ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കേരളത്തെ കുറിച്ച് ആശ കൂടുതലുള്ള, പ്രതീക്ഷ വച്ചു പുലർത്തുന്ന ആളുകളെയാണ് പാർട്ടിയിലേക്ക് സ്വീകരിക്കുന്നത്. റബറിന്റെ വിലയിൽ മാറ്റമുണ്ടാകും. റബർ ബോർഡ് നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. റബർ കർഷകർക്ക് പ്രയോജനകരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സംസ്ഥാന സർക്കാർ കർഷകരെ പറ്റിക്കുകയാണ്. റബറിന്റെ കാര്യത്തിൽ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം'- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.



TAGS :

Next Story