കുർബാന തർക്കം; വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞു, കൊച്ചിയിൽ സംഘർഷം
പൊലീസ് സംരക്ഷണയിൽ തന്നെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ സിറിൽ വാസിലിനു നേരെ കുപ്പിയേറും ഉണ്ടായി
കൊച്ചി: കുർബാന തർക്കത്തിൽ വീണ്ടും സംഘർഷം. എറണാകുളം സെൻ്റ് മേരീസ് ബസലിക്കയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വിമത വിഭാഗത്തിന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കനത്ത പോലിസ് സംരക്ഷണയിൽ പള്ളിക്കകത്ത് കയറിയ സിറിൽ വാസിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് മടങ്ങിയത്. വൈകീട്ട് 6.15 ഓടെയാണ് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെൻ്റ് മേരീസ് ബസലിക്കയിൽ എത്തിയത്. സിറിൽ വാസിൽ എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ പള്ളിക്ക് അകത്തും പുറത്തും വിമത വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ തമ്പടിച്ചിരുന്നു.
ഏകീകൃത കുർബാനയ്ക്ക് അനുകൂലമായ നിലപാടുള്ള വത്തിക്കാൻ പ്രതിനിധിയെ പള്ളിക്കകത്ത് കയറ്റില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസികളുടെ പ്രതിഷേധം തുടരവേ ആർച്ച് ബിഷപ്പിനെ പോലീസിന്റെ കനത്ത സുരക്ഷയിൽ പിൻവശത്തുകൂടെ പാരിഷ് ഹൗസിൽ എത്തിച്ചു. ഇതിനിടയിൽ പോലീസും വിശ്വാസികളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
പിന്നീട് പോലീസ് സംരക്ഷണയിൽ തന്നെ സിറിൽവാസിൽ പള്ളിക്കകത്ത് കയറുകയും ആരാധന നടത്തുയും ചെയ്തു. ഇതോടെ പ്രകോപിതരായ വിശ്വാസികൾ പള്ളിയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പൊലീസ് സംരക്ഷണയിൽ തന്നെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ സിറിൽ വാസിലിനു നേരെ കുപ്പിയേറും ഉണ്ടായി.
കുർബാന തർക്കത്തെ കുറച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് വത്തിക്കാൻ്റെ പ്രതിനിധിയായി സിറിൽ വാസിൽ എത്തിയത്.
Adjust Story Font
16