ഒരു ദിവസം മാത്രം കട തുറന്നാല്‍ എങ്ങനെ തിരക്ക് കുറയ്ക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ്
'സംസ്ഥാനത്തെ വ്യാപാര മേഖല തകര്‍ന്നു. വ്യാപാരികളുടെ പ്രതിഷേധം ന്യായം'
സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്ന രീതി ശരിയല്ലെന്നും ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ച് ടി.പി.ആർ കൂട്ടി നിലനിർത്തുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കടകള്‍ തുറക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. സംസ്ഥാനത്തെ വ്യാപാര മേഖല തകര്‍ന്നെന്നും വ്യാപാരികളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക തിരക്കാണ് അനുഭവപ്പെടുന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം കട തുറന്നാല്‍ എങ്ങനെ തിരക്ക് കുറക്കാനാകും. തിരക്ക് കുറക്കാന്‍ സർക്കാർ സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണ ജനങ്ങള്‍ ദുരിതത്തിലാണ്, ലോണെടുത്തവർ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സർക്കാർ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കിറ്റെക്സുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷം ഇതില്‍ കക്ഷിയല്ല. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും കിറ്റക്സും നല്ല ബന്ധമായിരുന്നു. സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയില്‍ സർക്കാർ നടത്തിയ പരിശോധനയെയാണ് കിറ്റെക്സ് പീഡനം എന്ന് വിശേഷിപ്പിച്ചത്. കമ്പനിയില്‍ പരിശോധന പാടില്ല എന്ന കിറ്റക്സിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16