ശുചിമുറിയില്ല, രാത്രി കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂവെന്ന് ഒരമ്മ; മണലുവിള കോളനിവാസികളുടെ ദുരിതജീവിതം
നെയ്യാറ്റിൻകര മണല്‍വിള കോളനി നിവാസികളുടെ ജീവിതം അവിശ്വസനീയമാണ്.
തിരുവനന്തപുരം: കുടിവെള്ളവും ശൗചാലയവും അടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നരകിക്കുന്ന ഒരു കൂട്ടം മനുഷ്യർ. നെയ്യാറ്റിൻകര മണല്‍വിള കോളനി നിവാസികളുടെ ജീവിതം അവിശ്വസനീയമാണ്. കോളനിയിലെ ഇരുപതോളം വീടുകള്‍ പൂർണ്ണമായും തകർന്നു തുടങ്ങിയിരിക്കുന്നു. സമൂഹത്തിലെ മുഖ്യധാരയുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു പോയ ചിലയിടങ്ങളിലേക്ക് ഒരു അന്വേഷണം. മലമൂത്ര വിസർജനത്തിന് ഇരുളിന്റെ മറവിൽ ഇഴജന്തുക്കൾ അലയുന്ന വെളിം പറമ്പുകളിലേക്ക് നടന്നു പോകുന്നവർ.
മഴയത്ത് ചോർന്നൊലിക്കുന്ന കൂരയ്ക്കു താഴെ കട്ടിലിൽ നിന്ന് അനങ്ങാൻ വയ്യാതെ തലയ്ക്കു മേലെ ടാർപോളിൻ വലിച്ചിട്ടുറങ്ങുന്നവർ. അടുപ്പു കല്ലുകൾ പോലും തകർന്ന അടുക്കളകൾ ഉപേക്ഷിച്ച് മുറ്റത്ത് മുക്കല്ല് കൂട്ടി റേഷൻ അരി വേവിക്കുന്നവർ. ഇവിടേ ഇനി ബാക്കിയാവുന്നത് മരണത്തെ കാത്തിരിക്കുന്ന വൃദ്ധരും, നിസ്സഹായരായ യുവതികളും, അവർ പെറ്റിട്ട, ലോകമെന്തെന്ന് അറിയാത്ത കൊച്ചുമക്കളും മാത്രമാണ്.
വീടുകൾക്ക് കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്, എല്ലാം അടർന്നു വീഴുകയാണ്. എല്ലാവരും പതിറ്റാണ്ടുകളായി കോളനിയിലെ താമസക്കാർ. ഇക്കാലയളവിനുള്ളിൽ കോളനി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചത് രണ്ടുപേർക്കും മാത്രമാണ്. രണ്ടുപേർ അതിദരിദ്രരുടെ പട്ടികയിലും ഉണ്ട്. മറ്റെല്ലാവരും സർക്കാർ കണക്കുകൾക്ക് പുറത്താണ്.
Adjust Story Font
16