Quantcast

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം വിശ്വാസികളും

MediaOne Logo

Web Desk

  • Published:

    8 July 2021 1:38 AM GMT

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു
X

വയനാട് എടപ്പട്ടിയിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം വിശ്വാസികളും. സർക്കാർ ഫണ്ടുപയോഗിച്ച് നിർമിച്ചിട്ടുള്ള സൗകര്യങ്ങൾ കുട്ടികൾക്കായി തന്നെ നിലനിർത്തണമെന്ന് ചൂണ്ടിക്കാണിച്ച് ചൈൽഡ് ലൈനും കലക്ടർക്ക് റിപ്പോർട്ട് നൽകി.

മാനന്തവാടി രൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് വിവിധ ഘട്ടങ്ങളിലായി സർക്കാരിൽനിന്ന് സഹായങ്ങൾ ലഭിച്ചിരുന്നു. വയനാട് എം.പി.യായിരുന്ന എം ഐ ഷാനവാസിന്‍റെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 2014-15 സാമ്പത്തികവർഷത്തിൽ സ്ഥാപനത്തിലേക്കുള്ള റോഡിന് അഞ്ചുലക്ഷം രൂപയും 2015-16 സാമ്പത്തികവർഷത്തിൽ കെട്ടിടനിർമാണത്തിന് ഏഴുലക്ഷം രൂപയും അനുവദിച്ചു. മുൻ വയനാട് കലക്ടർ കേശവേന്ദ്രകുമാറും ജില്ലാ പോലീസ് മേധാവിയായിരുന്ന അജിതാ ബീഗവും മുട്ടിൽ പഞ്ചായത്തും സ്ഥാപനത്തിന് സഹായങ്ങൾ നൽകിയിരുന്നു. സ്ഥാപനത്തിനാവശ്യമായ ഫർണിച്ചറുകൾ നൽകിയത് കേശവേന്ദ്രകുമാർ ഐ എ എസ് ആയിരുന്നു.

പൊതുസമൂഹത്തിൽ നിന്നും നല്ലനിലയിലുള്ള സഹായങ്ങൾ സ്ഥാപനത്തിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഫണ്ടുപയോഗിച്ച് നിർമിച്ചിട്ടുള്ള സൗകര്യങ്ങൾ കുട്ടികൾക്കായി തന്നെ നിലനിർത്തണമെന്ന് കാട്ടി ചൈൽഡ് ലൈൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. സ്ഥാപനം അടയ്ക്കുന്നതിനെതിരെ അന്തേവാസികളായ കുട്ടികൾ നൽകിയ പരാതിയിൽ കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. സ്വകാര്യഭൂമിയായിരുന്നിട്ടും എം.പി. ഫണ്ട് അടക്കമുള്ള സർക്കാർ സഹായങ്ങൾ അനുവദിച്ചത് കുട്ടികൾക്കുള്ള സ്ഥാപനമെന്ന സവിശേഷപരിഗണന നൽകിയും സർക്കാരിലേക്കുള്ള ആസ്തിയായി കണക്കാക്കി പ്രത്യേക കരാർ വെച്ചുമാണ്.

ലൈംഗിക ചൂഷണമടക്കമുള്ള പീഡനങ്ങൾക്കിരയാവുന്നവരും അനാഥരുമായ കുട്ടികൾക്കായുള്ള ചാരിറ്റബിൾ സൊസൈറ്റി എന്ന പരിഗണന നൽകണമെന്നാണ് സ്ഥാപന നടത്തിപ്പുകാർ അന്ന് അപേക്ഷ നൽകിയിരുന്നത്. എം.പി. ഫണ്ട് അനുവദിച്ചത് സംബന്ധിച്ചോ ആ സമയത്ത് ഏർപ്പെട്ട കരാർ സംബന്ധിച്ചോ പ്രാഥമിക അന്വേഷണങ്ങൾ പോലും നടത്താതെയാണ് അധികൃതർ സ്ഥാപനം പൂട്ടാനുള്ള അനുമതി നൽകിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

TAGS :

Next Story