മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം ഏറ്റെടുത്ത് പ്രതിപക്ഷം
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഡ്രൈവർ യദുവിന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിപക്ഷത്തിന്‍റെ ആയുധം
തിരുവനന്തപുരം: നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം ഏറ്റെടുത്ത് പ്രതിപക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് ഡ്രൈവർ യദുവിന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിപക്ഷത്തിന്‍റെ ആയുധം. എന്നാൽ യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്ന റിപ്പോർട്ട് കെ.എസ്.ആർ.ടി.സി സി.എം.ഡി ഗതാഗത മന്ത്രിക്ക് കൈമാറി.
തലസ്ഥാനത്ത് ഇന്ന് പ്രതിപക്ഷ സംഘടനകളായ ടി.ഡി.എഫും യൂത്ത് കോൺഗ്രസുമാണ് സമരങ്ങൾ പ്രഖ്യാപിച്ചത്. ജോലിയിൽ നിന്ന് നിലവിൽ മാറ്റിനിർത്തിയിരിക്കുന്ന യദുവിനെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ടി.ഡി.എഫ് കെ.എസ്.ആർ.ടി.സി ഓഫീസിലേക്ക് മാർച്ച് നടത്തും. മേയർക്കെതിരെ പ്രതീകാത്മക സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുക. ഓവർടേക്കിംഗ് നിരോധിത മേഖല എന്ന ബോർഡ് തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ സ്ഥാപിക്കാനാണ് യൂത്ത് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഇതിനിടെയാണ് യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും കുറച്ചുദിവസം ജോലിയിൽ നിന്ന് മാറ്റിനിർത്തണം എന്നുമാവശ്യപ്പെട്ടുകൊണ്ടുമുള്ള ശിപാർശ കെ.എസ്.ആർ.ടി.സി സി.എം.ഡി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ഇന്നലെ കൈമാറിയത്.
യദുവിന്‍റെ പരാതിയിൽ ഇതുവരെ പ്രാഥമിക പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ വാദം. മേയർക്കെതിരെയും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവിനെതിരെയുമാണ് യദുവിന്‍റെ പരാതി. മേയറുടെ പരാതിയിലാണ് യദുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിൽ യദുവിന്‍റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയേക്കും. സച്ചിൻ ദേവിന്‍റെ മൊഴിവും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
Adjust Story Font
16