ബില്ലിൽ നിന്ന് സർക്കാർ പിൻമാറമെന്ന് ആവശ്യം; നിലപാടിലുറച്ച് ഓർത്തഡോക്‌സ് സഭ
ബില്ല് നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ വിഭാഗവും രംഗത്ത് വന്നതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഓർത്തഡോക്‌സ് സഭ. ബില്ലിൽ നിന്നും സർക്കാർ പിൻമാറി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം.
കോട്ടയത്ത് എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ഇന്നലെ രാത്രിയിൽ തന്നെ ഓർത്തഡോക്‌സ് സഭ നേതൃത്വം കൂടികാഴ്ച നടത്തി. ബില്ല് കൊണ്ടുവരുന്നതിൽ സഭയ്ക്കുള്ള ആശങ്ക അറിയിക്കുകയും ചെയ്തു. അടുത്ത സെക്രട്ടറിയേറ്റിൽ വിഷയം അവതരിപ്പിക്കാമെന്ന ഉറപ്പ് മാത്രമാണ് എന്നാൽ ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ലഭിച്ചുള്ളു. അതുകൊണ്ട് തന്നെ പ്രതിഷേധ പരിപാടികളിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടാണ് ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്.
പള്ളികളിൽ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കാനും തിരുവനന്തപുരത്ത് മെത്രാൻമാരുടെ ഉപവാസം സംഘടിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ നിയമ നടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ട്.
എന്നാൽ ബില്ലിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന യാക്കോബായ വിഭാഗം ബില്ല് നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയെ അടിസ്ഥാനമാക്കി നിയമം നിർമ്മിക്കാനാകുമെന്നാണ് ഇവർ പറയുന്നത്. ഇരു കൂട്ടരും ശക്തമായ നിലപാടുകൾ സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത നടപടിയിലേക്ക് കടക്കും മുന്പ് ഏതെങ്കിലും ഒരു വിഭാഗത്തെയെങ്കിലും വിശ്വാസത്തിലെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സർക്കാരിന് വലിയ വെല്ലുവിളിയാകുകയും ചെയ്യും.
Adjust Story Font
16