‘കോൺഗ്രസിൽനിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കും’; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ്
കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു
കോഴിക്കോട്: കോൺഗ്രസിൽനിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദുൽഖിഫിൽ ഫേസ്ബുക്കിൽ വെള്ളാപ്പള്ളിക്കെതിരെ പോസ്റ്റിട്ടത്.
‘കോൺഗ്രസിൽനിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്. അത് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎൽഎമാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാൻഡും തീരുമാനിക്കും. അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല’ -ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
'കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ബഹുമാന്യനായ രമേശ് ചെന്നിത്തല. ജനാധിപത്യ മതേതര നിലപാടുകൾ എന്നും ഉയർത്തി പിടിക്കുന്ന രമേശ് ചെന്നിത്തലക്ക് ഇനിയും ഉന്നത പദവികളിൽ എത്താൻ വെള്ളാപ്പള്ളിയെ പോലൊരാളിന്റെ ശുപാർശയുടെ ആവശ്യമൊന്നുമില്ല. സംഘപരിവാർ ആശയങ്ങളുമായി ചേർന്ന് നിന്നുകൊണ്ട് പാർട്ടി ഉണ്ടാകുകയും എൻഡിഎയുടെ ഘടകകക്ഷിയായി നിൽക്കുകയും ചെയ്തവർ ഇന്ന് പല തരം സമീപനവുമായി മുന്നോട്ട് വരുന്നത് ജാഗ്രതയോടെയാണ് ഞങ്ങൾ നോക്കി കാണുന്നത്. കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രി ആകണം എന്ന് തീരുമാനിക്കാനുള്ള ആർജ്ജവവും കരുത്തും ഈ പാർട്ടിക്ക് ഉണ്ട്. അത് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന എംഎൽഎമാരും പാർട്ടി നേതൃത്വവും മുന്നണിയും ഹൈക്കമാന്റും തീരുമാനിക്കും. അതിൽ വെള്ളാപ്പള്ളിമാർ ഇടപെടുന്നത് ശരിയല്ല. എല്ലാ കാലത്തും എട്ടുകാലി മമ്മൂഞ്ഞിന്റെ സമീപനം സ്വീകരിക്കുന്ന വെള്ളാപ്പള്ളിയെ പോലുള്ളവരുടെ സർട്ടിഫിക്കറ്റ് രമേശ് ചെന്നിത്തലയെപോലൊരു മതേതര നേതാവിന് ആവശ്യമില്ല. കേരളത്തിൽ അടുത്ത തവണ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ജനങ്ങൾ തീരുമാനം എടുത്ത് മുന്നോട്ടു പോകുമ്പോൾ വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്ന പ്രസ്താവനകൾ കുളം കലക്കാനുള്ള ശ്രമം ആണോ എന്ന് ജാഗ്രതയോടെ ഞങ്ങൾ നിരീക്ഷിക്കും'
Adjust Story Font
16