ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നും വാദം തുടരും
ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയം ദിലീപ് ജയിൽ ആയിരുന്നു.
ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്‍റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷൻ ആരോപണവും ദിലീപ് നിഷേധിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. രണ്ട് തവണയാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തുറക്കപ്പെട്ടത്. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത്.
Adjust Story Font
16