'ആഭ്യന്തരം കാണാതെപോയ വിദ്വേഷപ്രചാരണങ്ങൾ'; സർക്കാറിന്‍റെ ഇരട്ടത്താപ്പ് തെരുവുകളിൽ തുറന്നുകാട്ടുമെന്ന് പി.എഫ്.ഐ
കുറ്റ്യാടിയിൽ മുസ്‌ലിംകളെ ഉന്മൂലനം നടത്തുമെന്ന് ആക്രോശിച്ച് ആർഎസ്എസ് പ്രകടനം നടത്തിയിട്ടും ഗതാഗതം തടസ്സപ്പെടുത്തിയെന്ന നിസാര വകുപ്പിട്ട് ചിലർക്കെതിരെ കേസെടുത്ത് സംഘപരിവാരത്തോടുള്ള മൃദുസമീപനം കാട്ടുകയാണ് പിണറായി പോലിസെന്ന് പോപ്പുലർ ഫ്രണ്ട്
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും ആർഎസ്എസിന്റെ വംശീയ കൊലവിളികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വിവേചനം പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ്. ഇതിന്റെ ഭാഗമായി 'ആഭ്യന്തരവകുപ്പ് കാണാതെപോയ വിദ്വേഷപ്രചരണങ്ങൾ' എന്ന പേരിൽ ആർഎസ്എസ് നേതാക്കളും സംഘപരിവാർ സഹയാത്രികരും നടത്തിയിട്ടുള്ള മുസ്‌ലിം വിദ്വേഷത്തിന്റെയും കലാപാഹ്വാനത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ തെരുവുകളിൽ പ്രദർശിപ്പിക്കും. ആദ്യഘട്ടമായി ജൂൺ ഏഴിന് എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി തെരുവുകളിൽ എൽഇഡി പ്രദർശനം സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വീഡിയോ പ്രദർശനം നടക്കുമെന്നും സംഘാടകർ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പച്ചയായ വംശഹത്യാ ആഹ്വാനത്തോട് കണ്ണടച്ച പിണറായി സർക്കാരും പൊലീസും ആലപ്പുഴയിൽ പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളന ബഹുജന റാലിയിൽ ഒരു കുട്ടി വിളിച്ച ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യത്തിന്റെ പേരിൽ ഇതുവരെ സംസ്ഥാന നേതാക്കൾ ഉൾപ്പടെ 31 പേരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, തലശ്ശേരിയിലും കുന്നംകുളത്തും പേരാമ്പ്രയിലും ചാവക്കാടും കുറ്റ്യാടിയിലും മുസ്ലിംകളെ ഉന്മൂലനം നടത്തുമെന്ന് ആക്രോശിച്ച് ആർഎസ്എസ് പ്രകടനം നടത്തിയിട്ടും ഗതാഗതം തടസ്സപ്പെടുത്തിയെന്ന നിസാര വകുപ്പിട്ട് ചിലർക്കെതിരെ കേസെടുത്ത് സംഘപരിവാരത്തോടുള്ള മൃദുസമീപനം കാട്ടുകയാണ് പിണറായി പോലിസ് ചെയ്തതെന്നും പോപ്പുലർ ഫ്രണ്ട് തുറന്നടിച്ചു.
കേരളത്തിൽ വ്യാപകമായ മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലക്കെതിരേ 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പി.എഫ്.ഐ വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകൾ പന്നി പെറുന്നത് പോലെ പെറ്റുകൂട്ടുകയാണെന്ന് വംശീയ പ്രസംഗം നടത്തിയ സംഘപരിവാർ നേതാവ് ഗോപാലകൃഷ്ണനെതിരേയും 153 എ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റുണ്ടായില്ല. മുസ്ലിം സ്ത്രീകൾക്കെതിരേ കടുത്ത വർഗീയ പരാമർശം നടത്തിയ കെ ഇന്ദിരക്കെതിരേ ചാർത്തിയ 153 എ കേസിലും വർഷങ്ങളായിട്ടും നടപടിയില്ല. തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം മുസ്ലിംകൾക്കെതിരെ വർഗീയ വിഷം തുപ്പിയിട്ടും കേസെടുക്കാനോ സംഘാടകരെ അറസ്റ്റ് ചെയ്യാനോ ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല. പി സി ജോർജിന് എതിരേ കേസ്സെടുത്തെങ്കിലും റിമാന്റ് ചെയ്ത് തൊട്ടടുത്ത ദിവസം ജാമ്യം ലഭ്യമാകാനുള്ള സൗകര്യവും പോലിസും പ്രോസിക്യൂഷനും ഒരുക്കിക്കൊടുത്തുവെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
നെയ്യാറ്റിൻകരയിൽ വാളുമേന്തി വർഗീയ മുദ്രാവാക്യങ്ങളുമായി ദുർഗാവാഹിനി നടത്തിയ മാർച്ചിലും പോലിസ് ആർഎസ്എസ് ദാസ്യപ്പണി തുടരുകയാണ്. ആർഎസ്എസ്-ബിജെപി നേതാക്കൾ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസെടുക്കാൻ മടിക്കുകയാണ് പിണറായി സർക്കാർ. മാത്രമല്ല, 153 എ വകുപ്പ് ചാർത്തുന്ന കേസുകളിലും പോലിസ് നടപടികളിൽ മുസ്ലിം വിവേചനം വ്യക്തമാണെന്നും ഇക്കാര്യം തുറന്നുകാട്ടിയാണ് തെരുവുകളിൽ വീഡിയോ പ്രദർശനം നടത്തുന്നതെന്നും പി കെ അബ്ദുൽ ലത്തീഫ് കൂട്ടിച്ചേർത്തു.
Adjust Story Font
16