അരുണാചൽ പ്രദേശിൽ ദമ്പതികളടക്കമുള്ളവരുടെ മരണം: ഫോറൻസിക് പരിശോധനാ ഫലം കാത്ത് പൊലീസ്
ഫലം വരുന്നതോടെ ബ്ലാക്ക് മാജിക്കുമായി ഇവർക്കുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരും
തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് പരിശോധനാ ഫലം കാത്ത് പൊലീസ്. മൂവരും മരിച്ചുകിടന്ന മുറിയിൽ നിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ് എന്നിവയുടെ പരിശോധനാ ഫലമാണ് ലഭിക്കേണ്ടത്.
ഫലം വരുന്നതോടെ ബ്ലാക്ക് മാജിക്കുമായി ഇവർക്കുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച നവീൻ, ദേവി, ആര്യ എന്നിവർ ആത്മഹത്യ ചെയ്യാൻ അരുണാചൽ പ്രദേശിലെ സിറോ താഴ്‌വര തെരഞ്ഞെടുത്തതിലും അവ്യക്തത നിലനിൽക്കുകയാണ്.
ഇവിടെ മാറ്റാരെങ്കിലുമായി ഇവർ ബന്ധപ്പെട്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒന്നരവർഷം മുൻപ് നവീനും ദേവിയും അരുണാചലിലെത്തിയതിന്റെ ഉദ്ദേശവും പരിശോധിക്കുന്നുണ്ട്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്.പി കേനി ബഗ്ര അറിയിച്ചു.
ചൊവ്വാഴ്ചയാണ് മലയാളി ദമ്പതികളെയും യുവാവിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു.
ആര്യ തിരുവനന്തപുരം സ്വദേശിനിയാണ്. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടൽ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
മാർച്ച് 27ന് വീട്ടുകാരോടൊന്നും പറയാതെയാണ് ആര്യ പോയത്. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്. വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയേയും ഭർത്താവിനെയും കാണാനില്ലെന്ന് വിവരം ലഭിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ഗുവാഹതിയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Adjust Story Font
16