Quantcast

തൃശൂർ വിവേകോദയം സ്‌കൂളിലെ വെടിവെപ്പിൽ പ്രതി ജഗനെതിരെ പൊലീസ് കേസെടുത്തു

അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-11-21 12:31:33.0

Published:

21 Nov 2023 12:30 PM GMT

The police have registered a case against Jagan, the accused in the Thrissur Vivekodayam school shooting
X

തൃശൂർ: വിവേകോദയം സ്‌കൂളിലെ വെടിവെപ്പിൽ പ്രതി ജഗനെതിരെ പൊലീസ് കേസെടുത്തു. അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകും. സ്‌കൂളിലെ വെടിവെപ്പിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

രണ്ട് വർഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നതിന്റെ വിശദാംശങ്ങൾ ജഗന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച പശ്ചാത്തലത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകുക. ഇന്ന് രാവിലെയാണ് ജഗൻ സ്‌കൂളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തി വെടിയുതിർത്തത്. രണ്ട് അധ്യാപകരുടെ പേര് എടുത്തുപറഞ്ഞിട്ടായിരുന്നു ജഗൻ ആക്രമണം നടത്തിയത്. തന്റെ ഭാവി ഈ അധ്യാപകർ തകർത്തുവെന്ന് പറഞ്ഞുകൊണ്ടാണ് ജഗൻ അക്രമണം നടത്തിയത്. തിരനിറക്കാത്ത എയർ പിസ്റ്റലാണ് ജഗൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ ജഗൻ സ്‌കൂൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകർക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്യുകയായിരുന്നു. സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് സ്റ്റാഫ് റൂമിലെത്തിയ ഇയാൾ അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു. തുടർന്ന് ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് മൂന്നു തവണ വെടിയുതിർത്തെന്നും അധ്യാപകർ പറഞ്ഞു.

TAGS :

Next Story