കുറുവ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
കുണ്ടന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മണികണ്ഠനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മോഷണകേസിൽ അറസ്റ്റിലായ കുറുവാ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സന്തോഷിനൊപ്പം എറണാകുളം കുണ്ടന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മണികണ്ഠനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല.
ഇന്നലെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ സന്തോഷ് സെൽവത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ മണികണ്ഠന് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.
കുറുവാ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.
മണ്ണഞ്ചേരിയിലെ മോഷണത്തിലെ കൂട്ടുപ്രതിയെക്കുറിച്ച് സന്തോഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ എട്ടു കേസുകൾ അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് സന്തോഷ്.
ആലപ്പുഴ ഡിവൈഎസ്പി എംആർ മധു ബാബുവിന്റെ നേതൃത്വത്തിൽ സുഭദ്ര കൊലക്കേസ് അന്വേഷിച്ച ഏഴംഗ സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് കുറുവ മോഷണക്കേസും അന്വേഷിക്കുന്നത്.
Adjust Story Font
16