സംഘപരിവാറിന്‍റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദർശനവും പൊരുത്തപ്പെടില്ല; കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിനെതിരെ കോടിയേരി
ആരൊക്കെ ഏച്ചുകെട്ടാൻ ശ്രമിച്ചാലും പൊരുത്തപ്പെടില്ല
റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് സംഘപരിവാറിന്‍റെ രാഷ്ട്രീയ നിലപാട് മൂലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘപരിവാറിന്‍റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദർശനവും പൊരുത്തപ്പെടാത്തതാണ് കാരണം. ആരൊക്കെ ഏച്ചുകെട്ടാൻ ശ്രമിച്ചാലും പൊരുത്തപ്പെടില്ല. ശ്രീ നാരായണ ഗുരുവിനെ അവതരിപ്പിച്ചതിനാണ് കേരളത്തെ മാറ്റി നിർത്തിയതെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശങ്ങൾ.ശ്രീനാരായണ ദർശനവും സംഘപരിവാറും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' തുടങ്ങിയ കാഴ്ചപ്പാടാണല്ലോ ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാനം. ചാതുർവർണ്യവ്യവസ്ഥയെയും ജാതീയതയെയും തന്റെ ജീവിതം കൊണ്ട് പ്രതിരോധിച്ച ശ്രീനാരായണ ഗുരുവിനെ ചാതുർവർണ്യത്തിന്റെ വക്താക്കൾക്ക് അംഗീകരിക്കാനാകാത്തതിൽ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല.
എല്ലാ മതങ്ങളുടെയും സാരാംശങ്ങൾ ഉൾക്കൊള്ളണമെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരുവിന്‍റേത് എന്ന് വ്യക്തം. ആരൊക്കെ ഏച്ചുകൂട്ടാൻ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ് സംഘപരിവാറിന്‍റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദർശനവുമെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികമാചരിക്കുന്ന ഈ ഘട്ടത്തിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചുവെന്നതിന്റെ പേരിൽ കേരളം മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. സംഘപരിവാർ ആശയങ്ങൾക്ക് കീഴ്പ്പെടാൻ തയ്യാറാകാത്ത കേരളത്തിനോടുള്ള പ്രതികാരംകൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. റിപ്പബ്ലിക്ക് ദിനാചരണത്തിന്‍റെ ആഘോഷങ്ങളുടെ ചരിത്രത്തിൽ ഇതൊരു തീരാക്കളങ്കമായി എന്നും അവശേഷിക്കും.
Adjust Story Font
16