സംസ്ഥാനത്തെ ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇനിമുതൽ ബിജെപി ഐ ടി പ്രവർത്തനങ്ങളുടെ ചുമതല
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ഐടി സെല്ലിന്‍റെ അധികാരങ്ങൾ എടുത്തുമാറ്റി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇനിമുതൽ ബിജെപി ഐ ടി പ്രവർത്തനങ്ങളുടെ ചുമതല. സാമൂഹ്യമാധ്യമങ്ങളിൽ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ ഏറെ പിന്നിൽ പോയി എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിർണായക നീക്കം. 2019 തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രകടനം വിലയിരുത്തിയപ്പോൾ ഐടി സെല്ലിന്‍റെ പ്രവർത്തനങ്ങൾ പോരാ എന്ന് ദേശീയ നേതൃത്വം കണ്ടെത്തി. ചില മാസങ്ങളിൽ ബി.ജെ.പി കേരളം ഫേസ്ബുക്ക് പേജ് സി.പി.എമ്മിനും കോൺഗ്രസിനും ഏറെ പിന്നിൽ പോയി. സമകാലിക വിഷയങ്ങളിലും വിവാദങ്ങളിലും അഭിപ്രായവും നിലപാടും പ്രചരിപ്പിക്കുന്നതിൽ ഐടി സെല്ലിന് വീഴ്ച ഉണ്ടായി. ഇത്തരത്തിൽ മുന്നോട്ടു പോയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
അതുകൊണ്ടുതന്നെ ഇനിമുതൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി ഏകോപിപ്പിക്കും. മാസങ്ങളായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ ഏജൻസി റിസർച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. താഴെത്തട്ടിൽ ജനങ്ങൾക്കിടയിൽ അഭിപ്രായ സർവേ ശേഖരണം പുരോഗമിക്കുകയാണ്.
അതേസമയം ഔദ്യോഗികമായി പേരിന് മാത്രം ഐടി സെൽ നിലവിലുണ്ടാകും. ഏജൻസി നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുക, പോസ്റ്റുകൾ പ്രചരിപ്പിക്കുക എന്നത് മാത്രമാകും സെല്ലിന്‍റെ ജോലി. ഇതിനുവേണ്ടി വൻതുക തന്നെയാണ് ഏജൻസിക്ക് നൽകുക. ദേശീയ നേതൃത്വത്തിന്‍റെ നേരിട്ടുള്ള ഇടപെടലിൽ ചെറുതല്ലാത്ത അതൃപ്തി ഐടി സെല്ലിനുള്ളിൽ ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കവെയുള്ള പരിഷ്കാരം തിരിച്ചടിയാകുമെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു.
Adjust Story Font
16