ഗൂഢാലോചനാ ദിവസം കാവ്യയുടെ സാന്നിധ്യം; കുരുക്കു മുറുക്കാൻ ക്രൈംബ്രാഞ്ച്
ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നു കണ്ടെത്തലിനെ തുടർന്നാണിത്.
നേരത്തെ ദിലീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ കാവ്യയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവർ ഇവരുടെ ഫോണുകൾ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈൽ നമ്പറുകളുടെ ഐഎംഇഐ നമ്പർ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് മൊബൈൽ ഫോണുകൾ ബുധനാഴ്ച ഒരു മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയച്ചു. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് സൂചന. ഫോണുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ ഈ ആവശ്യവും ഉന്നയിക്കും.
അതിനിടെ, ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉന്നയിക്കുക.
Summary: The investigation into the case of a conspiracy to assassinate the investigating officers in the case of the attack on the actress has been extended to more people. It is learned that Dileep's wife Kavya Madhavan and others will be questioned.
Adjust Story Font
16