സ്വപ്ന സുരേഷിനെയും പി.സി.ജോർജിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും
പരാതിക്കാരനായ കെ.ടി ജലീലിന്റെ മൊഴിയും രേഖപ്പെടുത്തും.
സ്വപ്ന സുരേഷും പി.സി.ജോർജും പ്രതികളായ ഗൂഢാലോചനക്കേസിൽ ഇരുവരെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. പരാതിക്കാരനായ കെ ടി ജലീലിന്റെ മൊഴിയും രേഖപ്പെടുത്തും. കേസിന്റെ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി തുടർ നടപടികൾ ചർച്ച ചെയ്യും.
പ്രതികളായ സ്വപ്ന സുരേഷ്, പി.സി ജോർജ് എന്നിവരെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പരാതിക്കാരനായ കെ ടി ജലീലിന്റെ മൊഴിയെടുക്കും. ഈ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാനാണ് അന്വേഷണസംഘത്തിലെ തീരുമാനം. ഇന്ന് ക്രൈംബ്രാഞ്ച് മേധാവിയുമായി എസ്.പി എസ്.മധുസൂദനൻ കേസ് നടപടികൾ ചർച്ച ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗവും ഉടൻ ചേരും. സ്വപ്നക്കൊപ്പമുള്ള സരിത്തിനെ പ്രതി ചേർക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം പാലക്കാട് നിന്ന് വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്‍റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ വിജിലൻസ് കോടതി ഇന്ന് അനുമതി നൽകിയേക്കും. ഫോണിൽ സ്വപ്നയുടെ പുതിയ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്ങനെയെങ്കിൽ ആ വിവരം വിജിലൻസ് പ്രത്യേക സംഘത്തിന് കൈമാറും.
Adjust Story Font
16