'ഞങ്ങൾക്കും തെറ്റ് പറ്റി, ജോജുവുമായുളള പ്രശ്നം സംസാരിച്ച് തീർക്കും'; ഷിയാസ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചർച്ച.
നടൻ ജോജു ജോർജുമായുണ്ടായ തർക്കങ്ങൾ ഒത്തുതീർക്കാൻ കോൺഗ്രസ്. ഞങ്ങൾക്കും തെറ്റു പറ്റിയിട്ടുണ്ട്. ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മാപ്പ് ചോദിക്കാൻ പോലും ഞങ്ങൾ തയ്യാറാണ്. മുതിർന്ന നേതാക്കൾ ജോജുവുമായി ചർച്ച നടത്തിയെന്നും ഷിയാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചർച്ച. ജോജുവിന്റെ സുഹൃത്തുക്കളുമായും ചർച്ച നടത്തി. ഇരു ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങൾ കാരണമെന്നും പരസ്പരം ക്ഷമിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു . കേസ് കോടതിയിൽ ഉള്ളതിനാൽ നിയമവഴി തുടരേണ്ട സാഹചര്യം ആണെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
ജോജുവിനെ അക്രമിച്ചു എന്ന കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണിക്കെതിരെയും ഏഴു പ്രവർത്തകർക്കെതിരെയും ജാമ്യമില്ലാ വകുപ്പിലാണ് കേസ് . ജോജുവിന്റെ വാഹനം തകർത്ത കേസിൽ വൈറ്റില സ്വദേശി ജോസെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു .
ഇന്ധന വില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ജോജുവിന്റെ വാഹനം തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
Adjust Story Font
16