വളർത്തുനായയുമായെത്തി വടിവാളുവീശി യുവാവിന്റെ പരാക്രമം; നിഷ്‌ക്രിയരായി പൊലീസ്
പൊലീസ് സ്ഥലത്തെത്തിയെങ്കിലും സജീവിനെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
കൊല്ലം: ചിതറയിൽ വടിവാളുമായെത്തി യുവാവിന്റെ പരാക്രമം. ചിതറ സ്വദേശി സജീവാണ് അയൽവാസിയായ സുപ്രഭയുടെ വീട്ടിൽ വളർത്തുനായയുമായെത്തി ഭീതി സൃഷ്ടിച്ചത്. സുപ്രഭയുടെ സ്ഥലം തന്റെ ഉടമസ്ഥതതയിലുള്ളതാണെന്ന് അവകാശപ്പെട്ടാണ് സജീവിന്റെ പരാക്രമം.
തുടർച്ചയായി അഞ്ചാം തവണയാണ് സുപ്രഭയെ സജീവ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത്. സുപ്രഭയുടെ വീട്ടിലെത്തി സജീവ് ഭീതി സൃഷ്ടിക്കുകയായിരുന്നു. വടിവാളും വളർത്തു നായയുമായെത്തിയ സജീവ് സുപ്രഭയോട് ഉടൻ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സജീവിനെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദീർഘനേരം സജീവ് പൊലീസുമായി കയർത്ത് സംസാരിക്കുകയായിരുന്നു. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നുവെന്ന ഗുരുതര ആരോപണമാണ് പ്രദേശ വാസികൾ ഉന്നയിച്ചിരിക്കുന്നത്.
പിന്നീട് സജീവനെ പൊലീസ് വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്തത്. സജീവ് വീട്ടിലേക്ക് കയറിയ ഉടൻ നായയെ അഴിച്ചുവിടുകയും ഗേറ്റ് അടക്കുകയും ചെയതു. പൊലീസിന് പിന്നീട് സജീവിന്റെ വീട്ടിലേക്ക് കയറാൻ സാധിച്ചതുമില്ല. പൊലീസ് സജീവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. തുടർച്ചയായി അഞ്ചാം തവണ സുപ്രഭയെ ഭീഷണിപ്പെടുത്തിയ സജീവനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Adjust Story Font
16