Quantcast

വടംകെട്ടി പുഴ കടന്ന് ഫയർഫോഴ്‌സ്, മുണ്ടക്കൈയിലെ രക്ഷാദൗത്യം അതീവദുഷ്‌കരം

സൈന്യവും നേവിയും ഉടന്‍ പ്രദേശത്തെത്തും

MediaOne Logo

Web Desk

  • Published:

    30 July 2024 7:37 AM GMT

mundakkai evacauation
X

കൽപ്പറ്റ: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗ്രാമത്തിലെ രക്ഷാദൗത്യം അതീവദുഷ്‌കരം. പാലം തകർന്നതു മൂലം ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഫയർഫോഴ്‌സ് സംഘം വടംകെട്ടി എത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ കുടുങ്ങിയ ആളുകളെ എങ്ങനെ പുറത്തെത്തിക്കുമെന്ന ചോദ്യം ബാക്കിയാണ്. മണിക്കൂറുകളുടെ പരിശ്രമങ്ങൾക്കൊടുവിലാണ് ഫയർഫോഴ്‌സ് മുണ്ടക്കൈയിലെത്തുന്നത്.

ചൂരൽമലയിലെ പാലം തകർന്നു പോയ സ്ഥലം വഴിയാണ് ഫയർഫോഴ്‌സ് രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിലെത്തിയത്. ഏഴിമലയിൽ നിന്ന് നേവിയും സൈന്യവും ഉടൻ പ്രദേശത്തെത്തുമെന്നാണ് റിപ്പോർട്ട്. വ്യോമമാർഗം വഴിയുള്ള ഒഴിപ്പിക്കലിനാകും നേവിയുടെ ശ്രമം. നൂറു കണക്കിന് ആളുകൾക്ക് അടിയന്തരസഹായം എത്തിക്കാനുള്ള ശ്രമമാണ് ഈ ഘട്ടത്തിൽ ആവശ്യം. തകർന്ന പാലത്തിന് പകരം ബദൽ പാൽ നിർമിക്കാനുള്ള സാധ്യത സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം ആരായും. ഈ സംഘം ഉടൻ വയനാട്ടിലെത്തുന്നുണ്ട്.

ഡ്രോണുകൾ വിന്യസിച്ച് തെരച്ചിൽ നടത്താൻ മുഖ്യമന്ത്രി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 20 അംഗസംഘം മുണ്ടക്കൈയിലെത്തിയിട്ടുണ്ട്.

മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കാണ് ആദ്യം ഉരുൾപ്പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. നാനൂറോളം കുടുംബങ്ങളെ ഉരുൾപ്പൊട്ടൽ ബാധിച്ചതായാണ് ഏകദേശകണക്ക്. രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2019ൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയ്ക്ക സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.

ദുരന്തത്തിൽ ഇതുവരെ 54 പേർക്കാണ് ജീവൻ നഷ്ടമായത്. വയനാട്ടിലെ മാത്രം കണക്കാണിത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരങ്ങളിൽനിന്ന് ഇതുവരെ 17 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും മണ്ണിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തമേഖലയിൽനിന്ന് നൂറിലേറെ പേരെ രക്ഷിച്ചിട്ടുണ്ട്.

TAGS :

Next Story