ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ക്യാമ്പസുകളുടെ പങ്ക് നിർണ്ണായകം: പ്രൊഫ. ഖാദർ മൊയ്തീൻ
നവംബർ രണ്ടാം വാരം മുതൽ ക്യാമ്പസ് തലത്തിൽ മെമ്പർഷിപ് വിതരണവും തുടർന്ന് ദേശീയ ക്യാമ്പസ് യാത്ര സംഘടിപ്പിക്കാനും എം.എസ്.എഫ് ദേശീയ നേതൃയോഗത്തിൽ തീരുമാനമായി
ചെന്നൈ: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ക്യാമ്പസുകളുടെ പങ്ക് നിർണ്ണായകമാണെന്നും ക്യാമ്പസുകൾ സർഗ്ഗാത്മകമാക്കി വർഗീയതക്കെതിരെ ജനാധിപത്യ പ്രതിരോധങ്ങൾ തീർക്കണമെന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസർ ഖാദർ മൊയ്തീൻ. ചെന്നൈയിൽ നടന്ന എം.എസ്.എഫ് ദേശീയ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഒട്ടുമിക്ക ജനാധിപത്യ സമരങ്ങൾക്ക് എല്ലായ്‌പ്പോഴും തുടക്കമിട്ടത് ക്യാമ്പസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഈ സമൂഹത്തോട് പ്രാഥമിക ബാധ്യതയുണ്ട്. ന്യൂനപക്ഷ വേട്ട സർക്കാർ നയംപോലെ നടപ്പിലാക്കപ്പെടുന്ന കാലത്ത് മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അതിന്റെ പ്രാധാന്യം രാജ്യത്തെ ക്യാമ്പസുകളിൽ എത്തിക്കേണ്ട ചുമതല എം.എസ്.എഫിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ രണ്ടാം വാരം മുതൽ ക്യാമ്പസ് തലത്തിൽ മെമ്പർഷിപ് വിതരണവും തുടർന്ന് ദേശീയ ക്യാമ്പസ് യാത്ര സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം അബൂബക്കർ, എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്.എച് മുഹമ്മദ് അർഷാദ്, ട്രഷറർ അഥീബ് ഖാൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. സിിറാജുദ്ധീൻ നദ്വി, എം.ടി മുഹമ്മദ് അസ്ലം, ഖാസിം എനോലി, നജ്വ ഹനീന (കേരള), മുഹമ്മദ് അൽ അമീൻ, അഡ്വ അബൂബക്കർ റിസ്വി ,എ.എം.എച് അൻസാരി (തമിഴ്‌നാട് ) അഡ്വ അബ്ദുൽ ജലീൽ (കർണാടക), ഫർഹത്ത് ഷെയ്ഖ് (മാഹാരാഷ്ട്ര ), ഷഹബാസ് ഹുസൈൻ (ജാർഖണ്ഡ്), ഡോ. ശരീഖ് അൻസാരി (ഉത്തർ പ്രദേശ് ),ദഹറുദ്ധീൻ ഖാൻ (ആസ്സാം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Adjust Story Font
16