Quantcast

നിയമസഭയുടെ ചരിത്രത്തിലെ തെറ്റായ നിലപാട്, നുണ കോട്ടകൾ തകർന്നടിഞ്ഞു; നിയമസഭ പിരിഞ്ഞതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഭരണപക്ഷം

എങ്ങനെയും ചർച്ച ഒഴിവാക്കാൻ വേണ്ടിയാണ് യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിപക്ഷം പ്രതിഷേധിച്ചതെന്നും മന്ത്രിമാർ

MediaOne Logo

Web Desk

  • Published:

    7 Oct 2024 6:32 AM GMT

pinarayi vs satheesan
X

തിരുവനന്തപുരം: സംഘർഷാവസ്ഥയെ തുടർന്ന് നിയമസഭ പിരിഞ്ഞതിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ഭരണപക്ഷം. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നിലപാടാണ് സഭയിൽ ഇന്ന് പ്രതിപക്ഷം സ്വീകരിച്ചതെന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിൽ ചർച്ചയാകാമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന് പരിഭ്രാന്തിയായെന്നും എങ്ങനെയും ചർച്ച ഒഴിവാക്കാൻ വേണ്ടിയാണ് യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിപക്ഷം പ്രതിഷേധിച്ചതെന്നും രാജീവ് ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഇപ്പോഴത്തെ നിലപാടിനോട് കോൺഗ്രസ്സിനകത്തും പുറത്തും വിയോജിപ്പ് ഉള്ളവർ ഉണ്ട്. പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. സഭയിലെ ദൃശ്യങ്ങൾ പുറത്തു നൽക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തെ ഇന്ന് സഭയിൽ തുറന്നു കാണിക്കപ്പെട്ടെന്നും പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണ കോട്ടകൾ എല്ലാം നിയമസഭ തലത്തിൽ തകർന്നടിഞ്ഞെന്നും മന്ത്രി പി. എം ബി രാജേഷ് പറഞ്ഞു. നുണകൾ കൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെ ആത്മവിശ്വാസം പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടെന്നും അതിനെ തുടർന്നാണ് ഭീരുക്കളെ പോലെ പ്രതിപക്ഷം ഓടിപ്പോയതെന്നും മന്ത്രി പരിഹസിച്ചു. മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് എടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം ചോർന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറേ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ഇതിനുമുമ്പ് സഭാചരിത്രത്തിൽ കണ്ടിട്ടുണ്ടോ? പക്വതയുള്ള പ്രതിപക്ഷ നേതാവ് സ്പീക്കറെ നിങ്ങൾ എന്ന് വിളിക്കുമോ? എന്ത് പ്രകോപനത്തിന്റെ പേരിലാണ് മാത്യു കുഴൽനാടനും അൻവർ സാദത്തും സ്പീക്കറിന്റെ ഡയസ്സിലേക്ക് ഇരച്ചു കയറിയത്? ചർച്ച നടത്താതെ രക്ഷപ്പെടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. കേരളത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമായ പരാജയമാണ് സഭ കണ്ടത് മന്ത്രി പറഞ്ഞു.

ഭരണപക്ഷത്തിന്റെ ചോദ്യങ്ങളോടെ നിന്നു തരാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഭരണപക്ഷം തയ്യാറാണെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി കാണിക്കാത്തത് സ്പീക്കറിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story