'രാജ്യത്തെ മതനിരപേക്ഷത തകർത്ത് മത രാഷ്ട്രമാക്കാൻ ഭരിക്കുന്ന പാർട്ടി തന്നെ നീക്കം നടത്തുകയാണ്'; മുഖ്യമന്ത്രി
കമ്മ്യൂണിസ്റ്റും മുസ്‍ലിംകളും ക്രിസ്ത്യാനികളും ആർ.എസ്.എസിന്‍റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷത തകർത്ത് മത രാഷ്ട്രമാക്കാൻ ഭരിക്കുന്ന പാർട്ടി തന്നെ നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസ് ഒരു കാലത്തും മതനിരപേക്ഷതയെ അംഗീകരിച്ചിട്ടില്ലെന്നും കമ്മ്യൂണിസ്റ്റും മുസ്‍ലിംകളും ക്രിസ്ത്യാനികളും ആർ.എസ്.എസിന്‍റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണിയെ കൊലപ്പെടുത്തിയവരെ വരെ ബി.ജെ.പി വിട്ടയക്കുകയാണെന്നും 9 വർഷമായി തുടരുന്ന ബി.ജെ.പി ഭരണത്തിൽ ഒട്ടേറെ ആക്രമണങ്ങള്‍ നടന്നെന്നും എല്ലാറ്റിനും നേതൃത്വം കൊടുത്തത് സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരപരാധികളെ വേട്ടയാടുകയാണെന്നും അവർക്ക് നീതി ലഭിക്കുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ക്രിസ്ത്യാനികൾക്കെതിരെ വ്യാപകമായ അക്രമം നടന്നെന്നും കൂട്ടിച്ചേർത്തു. സവർക്കർ മാപ്പ് എഴുതി കൊടുത്താണ് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതെന്നും സ്വാതന്ത്യസമരത്തിൽ ബി.ജെ.പി ഒരു ഘട്ടത്തിലും ഭാഗമായിട്ടില്ലെന്നും അവരുടെ കയ്യിലാണ് രാജ്യ അധികാരം എന്നും പറഞ്ഞു.
'കേരളത്തിൽ പി.എസ്.സി മുഖേനയാണ് നിയമനങ്ങള്‍ നടത്തുന്നത്, അത് മുടക്കമില്ലാതെ ചെയ്യുന്നുണ്ട്. എന്നാൽ രാജ്യത്ത് നാമമാത്രമായ നിയമനം ആണ് നടക്കുന്നത്. യു.പി.എസ്.സി രാജ്യത്ത് ആകമാനം നടത്തിയ നിയമനം എടുത്താൽ പോലും കേരളത്തിൽ പി.എസ്.സി നടത്തിയ നിയമനത്തേക്കാൾ കുറവാണ്' എന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എൽ.എ മാരായി ജയിച്ചവർ അല്ല ബി.ജെ.പിയിലേക്ക് പോകുന്നതെന്നും കർണാടകയിലെയും, ഗോവയിലെയും സ്ഥിതി എന്തായിരുന്നെന്നും ചോദിച്ച പിണറായി അപമാനകരമായ നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ബി.ജെ.പി യെ എതിർക്കാൻ കഴിയുന്ന പാർട്ടി അല്ല കോൺഗ്രസ് എന്നും കൂട്ടിച്ചേർത്തു.
Adjust Story Font
16