'അർജുനായുള്ള തിരച്ചിൽ തുടരണം'; സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഫലമുണ്ടാകുന്നതുവരെ തിരച്ചിൽ തുടരണമെന്നും ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു.
തിരുവനന്തപുരം: അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഫലമുണ്ടാകുന്നതുവരെ തിരച്ചിൽ നടത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കയച്ച കത്തിൽ പറയുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് ആവശ്യം. കർണാടക സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു.
അങ്കോലയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതിനാൽ മാൽപേ സംഘത്തിന്റെ തിരച്ചിൽ തൽക്കാലം നിർത്തി. ദൗത്യം അതീവ ദുഷ്കരമാണെന്നും അടുത്ത 20 ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഇന്ന് വൈകിട്ട് രക്ഷാപ്രവർത്തനം വിലയിരുത്താൻ മന്ത്രിതല യോഗം ചേരും. കൂടുതൽ യന്ത്രങ്ങളെത്തിച്ച് പുഴയിൽ നിന്ന് ലോറി പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നതുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.
അങ്കോലയിൽ തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് തിരച്ചിൽ നിർത്തിയെന്നും യോഗ തീരുമാനം നടപ്പാക്കിയില്ലെന്നുമാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഒരു കൂടിയാലോചനയുമില്ലാതെയാണ് ജില്ലാ കലക്ടറും കാർവാർ എം.എൽ.എയും തീരുമാനമെടുത്തതെന്നും രക്ഷാപ്രവർത്തനം പൂർണമായും നിർത്തുന്നതിന്റെ ആദ്യപടിയായാണ് ഇത്തരമൊരു തീരുമാനമെന്നുമാണ് എം. വിജിൻ എം.എൽ.എ വ്യക്തമാക്കുന്നത്.
Adjust Story Font
16