മുണ്ടക്കൈയിലെ തിരച്ചിൽ ഇന്നത്തേക്ക് നിര്‍ത്തി; മരിച്ചവരുടെ എണ്ണം 126 ആയി
നാളെ രാവിലെ ഏഴ് മണിക്ക് തിരച്ചിൽ പുനരാരംഭിക്കും
കൽപ്പറ്റ: ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തിരച്ചിൽ ഇന്നത്തേക്ക് നിര്‍ത്തി. രാത്രി പതിനൊന്നോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. 98 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായെന്നും മരണസംഖ്യ ഇനിയും വർധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനിടെ, പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്.
സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു. മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ അറിയിപ്പ്
വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും നൽകുക.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.
എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കലക്ടറേറ്റില്‍ 1077 എന്ന നമ്പറിൽ അറിയിക്കുക. ജില്ലാ കലക്ടറേറ്റില്‍ ഇവ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല. പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.
Adjust Story Font
16