റിയാസ് മൗലവി വധം: തിരിച്ചടിയായത് അന്വേഷണത്തിലെ വീഴ്ചയെന്ന് വിലയിരുത്തല്‍
ലഭ്യമായ തെളിവുകള്‍ പരിഗണിക്കാത്ത ജഡ്ജിയുടെ സമീപനവും വിമർശന വിധേയമാണ്
കോഴിക്കോട്: റിയാസ് മൗലവി കൊലക്കേസില്‍ തിരിച്ചടിയായത് അന്വേഷണത്തിന്റെ തുടക്കം മുതലുണ്ടായ വീഴ്ചയെന്ന് വിലയിരുത്തല്‍. ഗൂഢാലോചന അന്വേഷിക്കാത്തതും പ്രതികളുടെ ആർ.എസ്.എസ് ബന്ധം തെളിയിക്കാനാകാത്തതും തിരിച്ചടിയായി.
തെളിവുശേഖരണത്തിലക്കം വീഴ്ചുണ്ടായെന്ന് വിധിന്യായം വ്യക്തമാക്കുന്നു. ലഭ്യമായ തെളിവുകള്‍ പരിഗണിക്കാത്ത ജഡ്ജിയുടെ സമീപനവും വിമർശനവിധേയമാണ്.
ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളുടെ മുസ് ലിം വിരോധം കാരണം റിയാസ് മൗലവിയെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിധിന്യായം ചൂണ്ടിക്കാട്ടുന്നു.
പ്രതികളുടെ ആർ.എസ്.എസ് ബന്ധത്തിന് കൃത്യമായി തെളിവ് ഹാജരാക്കിയില്ല. പ്രതികളുടെ മുസ് ലിം വിരോധത്തിന് കാരണമായി പറഞ്ഞ രണ്ടു വസ്തുകകളിലും തെളിവുകളുടെ അഭാവമുണ്ടായി.
ഗൂഢാലോചനയില്ലെന്ന നിലപാട് തുടക്കത്തിലേ സ്വീകരിച്ച പൊലീസ് സമീപനത്തില്‍ ഇതോടെ സംശയം ജനിക്കുകയാണ്. തൊണ്ടിമുതലുകളായ കത്തി, മുണ്ട്, ഷർട്ട് എന്നിവയെ പ്രതിയുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള കണ്ടെത്തലുകളും വിരല്‍ചൂണ്ടുന്നത് അന്വേഷണത്തിലെ വീഴ്ചയിലേക്കാണ്.
അതേസമയം, ലഭ്യമായ തെളിവുകളെ അവഗണിച്ച കോടതി നടപടിയിലും നിയമരംഗത്തുള്ളവർ സംശയം പ്രകടിപ്പിക്കുന്നു. പ്രതിഭാഗം ഉന്നയിക്കാത്ത സംശങ്ങള്‍ ഉന്നയിച്ച് തെളിവുകള്‍ തള്ളിക്കളഞ്ഞാണ് ആർ.എസ്.എസുകാരായ പ്രതികളെ വെറുതവിട്ട വിധിയിലേക്ക് എത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വിമർശം.
കുടകില്‍ നിന്നുള്ള മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ നീതി ലഭിക്കാത്തതിന് ആരാണ് കുറ്റക്കാരെന്ന മൗലവിയുടെ കുടുംബത്തിന്റെയും കാസർകോട്ടുകാരുകാരുടെയും ചോദ്യം ഉത്തരം ലഭിക്കാതെ കിടക്കുകയാണ്.
Adjust Story Font
16