‘മലയാളികളെ വിസ്മയിപ്പിച്ച ഗായകൻ’; പി. ജയചന്ദ്രന് അനുശോചനവുമായി കേരളം
ആറുപതിറ്റാണ്ടുകാലം മലയാളത്തിന്റെ ഹൃദയരാഗമായിരുന്ന ഗായകനാണ് പി. ജയചന്ദ്രൻ
കോഴിക്കോട്: വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ ഗായകൻ പി. ജയചന്ദ്രന് അനുശോചനവുമായി കേരളം. രാഷ്ട്രീയ-സാംസ്കാര മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആധുനിക കേരളത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങളെന്ന് മന്ത്രി എം.ബി രാജേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. 'ഭാവഗായകൻ ജയചന്ദ്രൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാള ചലച്ചിത്ര ഗാനശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേടാനും കഴിഞ്ഞു. വളരെ തെളിമയുള്ള ആലാപനം ആയിരുന്നു അദ്ദേഹത്തിൻ്റേതെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പർശിക്കാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞു. സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികൾ വിശേഷിപ്പിക്കുന്നത് എന്ന് കരുതുന്നു. പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രൻ. മഞ്ഞലയിൽ മുങ്ങിത്തോർത്തി, മധുചന്ദ്രികയുടെ ചായ തളികയിൽ, അനുരാഗഗാനം പോലെ, നിൻ മണിയറയിലെ നിർമ്മലശയ്യയിലെ, കരിമുകിൽ കാട്ടിലെ, നീലഗിരിയുടെ സഖികളേ, തിരുവാഭരണം ചാർത്തി വിടർന്നു തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്കായി പാടിയത്.
ഒരു ഇടവേളയ്ക്കു ശേഷം പ്രായത്തിന്റെ അടയാളങ്ങൾ ഒന്നും തോന്നിപ്പിക്കാതെ അദ്ദേഹം പാടിയ "പ്രായം നമ്മിൽ മോഹം നൽകി" എന്ന ഗാനം യുവതലമുറ ആകെ ഏറ്റെടുത്തതാണ്. രാസാത്തി ഉന്നൈ കാണാമെ നെഞ്ച് തമിഴ് ആസ്വാദകരെ മാത്രമല്ല, മലയാളി ആസ്വാദകരെയും ഒരേ പോലെ ആകർഷിച്ചതാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ പാടി. മലയാള ലളിതഗാന ശാഖയിലും മികവ് പ്രകടിപ്പിച്ചു. "ജയദേവ കവിയുടെ ഗീതികൾ കേട്ടെൻ്റെ രാധേ ഉറക്കമായോ" എന്ന ഗാനം ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്നു. മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന് സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. പാലക്കാട് ഒരു സുഹൃത്ത് വഴിയാണ് അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടത്. നല്ല സൗഹൃദ ബന്ധമായി അത് വളർന്നു. മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു പുരുഷായുസ്സ് കൊണ്ട് മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉന്നതനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കായ ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു' -എം.ബി രാജേഷ് അനുശോചനകുറിപ്പിൽ പറഞ്ഞു.
സിനിമാഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും മലയാളഗാനശാഖയ്ക്ക് വസന്തം തീർത്ത കലാകാരനായിരുന്നു പി. ജയചന്ദ്രനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. ഭാഷാ അതിർത്തികൾ ഭേദിച്ച് സംഗീതാസ്വാദകരുടെ മനസ്സും ഹൃദയവും കവർന്ന സ്വരമാധുര്യമായിരുന്നു പി.ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ അദ്ദേഹം മരണമില്ലാതെ ഇനിയും ജീവിക്കും. പി.ജയചന്ദ്രന്റെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്നും കെ. സുധാകരൻ പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിൻ്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരുമെന്നും ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗ വാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. 'കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ഗാനങ്ങളിൽ ആറാടിച്ച അനശ്വര ഗായകനാണ് ജയചന്ദ്രൻ. അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സംഗീതം, കേട്ടുതഴമ്പിച്ച മറ്റു സംഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു. ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങൾ കീഴടക്കിയ ഗായകനാണ് ജയചന്ദ്രൻ. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സംഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളിൽ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാഗായകന്റെ അനശ്വരഗാനങ്ങൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം. ഈ ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു'-രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ കുറിച്ചു.
രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നുതന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന ഈ ജന്മം തീരില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 'കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് കേരളത്തിൻ്റെ ഭാവഗാനമുദ്രയായി തീർന്നതെന്നതിലെ അഭിമാനം കൊണ്ടും ആ വേദനയെ മറികടക്കാൻ കാലം സഹായിക്കട്ടെ' - ആർ. ബിന്ദു അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പി. ജയചന്ദ്രന്റെ നിര്യാണത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയും അനുശോചിച്ചു. മലയാളികളുടെ മനസ്സിനെ സ്പർശിച്ച നിത്യഹരിത ശബ്ദയമായിരുന്നു പി. ജയചന്ദ്രന്റെതെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. 'ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ പി. ജയചന്ദ്രൻ മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു. പ്രായം 80 കഴിഞ്ഞെങ്കിലും പി ജയചന്ദ്രന്റെ നിത്യഹരിതശബ്ദത്തെ കാലത്തിന് പോലും സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല. പാട്ടിലും ജീവിതത്തിലും നിറഞ്ഞുതുളുമ്പുന്ന കേരളീയതയായിരുന്നു പി ജയചന്ദ്രൻ.ആ പാട്ടുകളോടും ശബ്ദത്തോടുമുള്ള സ്‌നേഹവും ഇഷ്ടവുമൊക്കെ പിന്നീട് നേരിട്ടുള്ള പരിചയപ്പെടലിന് കാരണമായി. ഒരുമിച്ച് ഒരേ വേദികളിൽ, ഏറെനാൾ കാണാതിരിക്കുമ്പോൾ ഫോണിലൂടെ പരിചയം പുതുക്കിക്കൊണ്ടേയിരുന്നു. അവസാന നാളുകളിൽ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞപ്പോൾ നിരന്തരം അന്വേഷിച്ചിരുന്നു. തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു.ഒരനുരാഗഗാനം പോലെ ഇപ്പോഴുമുണ്ട് കാതുകളിൽ ആ ശബ്ദമെന്നും അത് മരണമില്ലാതെ ഇനിയും തുടരും'-കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പി. ജയചന്ദ്രൻ്റെ വേർപാടിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. 'ജയചന്ദ്രൻ്റെ ശബ്ദ സൗകുമാര്യം അലയടിച്ചെത്തിയത് മലയാളിയുടെ ഹൃദയത്തിലേക്കാണ്. സംഗീതത്തെ നെഞ്ചോട് ചേർത്ത മലയാളികൾ ആ ഭാവഗായകന് ഹൃദയത്തിൽ ഇടം നൽകി. സംഗീത ആസ്വാദകരുടെ കാതിൽ മുഴങ്ങുന്ന ആ ശബ്ദം ഇനി സ്വർഗീയ സന്നിധിയിൽ ജഗദീശ്വരന് ഇമ്പമേകട്ടെ പ്രാർത്ഥനയോടെ വിട'-കാതോലിക്കാ ബാവ അനുശോചന സന്ദേശത്തിൽ കുറിച്ചു.
Adjust Story Font
16