ഷാഫി പറമ്പിൽ തോൽക്കുമെന്ന പരാമര്‍ശം ഖേദം കൂടാതെ പിന്‍വലിച്ച് സ്പീക്കര്‍
മാർച്ച് 14 ന് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പരമാർശം
തിരുവനന്തപുരം: ഷാഫി പറമ്പിൽ തോൽക്കുമെന്നുള്ള വിവാദ പരാമർശം ഖേദം പ്രകടിപ്പിക്കാതെ പിൻവലിച്ച് സ്പീക്കർ എ. എൻ ഷംസീർ. പരാമർശങ്ങൾ അനുചിതമായിരുന്നുവെന്ന് സ്പീക്കർ സമ്മതിച്ചു. സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കുന്നതായും സ്പീക്കർ സഭയെ അറിയിച്ചു.
മാർച്ച് 14 ന് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പരമാർശം. എ.എൻ ഷംസീറിന്റെ പരാമർശം സ്പീക്കറുടെ പദവിക്ക് ചേർന്നതല്ലെന്ന വിമർശനം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശം പിൻവലിച്ചത്.
ശ്രീ. ഷാഫി പറമ്പിലിന്റെ പേര് പരാമർശിച്ചുകൊണ്ട് ചെയർ നടത്തിയ ചില പരാമർശങ്ങൾ അനുചിതമായിരുന്നു വെന്നും അത് ബഹുമാനപ്പെട്ട അംഗത്തെ വേദനിപ്പിച്ചതായും ചെയർ മനസ്സിലാക്കുന്നു. ബോധപൂർവ്വമല്ലാതെ നടത്തിയ ആ പരാമർശം ചെയർ പിൻവലിക്കുകയാണ്. സ്പീക്കര്‍ പറഞ്ഞു.
എന്നാൽ സഭയിൽ റൂളിങ് നടത്തിയ ശേഷം സ്പീക്കറുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഈ ഭാഗം ഉണ്ടായിരുന്നില്ല. ഇത് വാർത്തയായതോടെ ഷാഫി പറമ്പിൽ വിഷയം മാത്രം പ്രത്യേക വാർത്താകുറിപ്പായി പിന്നീട് പുറത്തിറക്കി.
Adjust Story Font
16