ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും
പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ തുടരുകയാണ്
സമരം തുടരുന്ന പി.ജി ഡോക്ടര്‍മാരുമായുള്ള സര്‍ക്കാരിന്‍റെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജുമായി അനൗദ്യോഗിക ചര്‍ച്ചയാണ് ഇന്നുണ്ടായതെന്നും ഔദ്യോഗിക ചര്‍ച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജി ഡോക്ടര്‍മാര്‍ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പി.ജി ഡോക്ടര്‍മാര്‍ അറിയിച്ചു.
ജോലി ഭാരം കുറയ്ക്കുന്നതിന് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പതിനാല് ദിവസമായി പി.ജി ഡോക്ടര്‍മാര്‍ സമരത്തിലാണ്. രോഗികളെ സമരം ബാധിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനം ആയില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാമാണ് പി.ജി ഡോക്ടര്‍മരുടെ തീരുമാനം.
പ്രശ്ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.
അതെ സമയം പി.ജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു ഐ.എം.എ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്‍റ് ഡോക്ടർ ജെ.എ ജയലാൽ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്. പി.ജി. പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണമെന്നും ഡോക്ടർ ജെ.എ.ജയലാൽ പറഞ്ഞു.
Adjust Story Font
16