ഭക്ഷ്യ മന്ത്രിയുടെ ഉറപ്പ്: റേഷൻ വാതിൽപടി വിതരണക്കാരുടെ സമരം പിൻവലിച്ചു
റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്

തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണക്കാരുടെ സമരം പിൻവലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.
ജനുവരി ഒന്നു മുതൽ റേഷൻ വാതിൽപടി വിതരണക്കാർ സമരത്തിലാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ വാതിൽപ്പടി വിതരണക്കാർ തീരുമാനിച്ചത്. റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽ പടി വിതരണക്കാർ വ്യക്തമാക്കി.ക്ഷേമനിധി ബോര്‍ഡുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ചർച്ചയിൽ ഉറപ്പ് നല്‍കി.
അതേസമയം, റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. വേതന വർധനവ് മാത്രമാണ് നിലവിൽ പരിഗണിക്കാൻ കഴിയാത്തത്. അതിന് സമയമെടുക്കുമെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. കുടിശ്ശിക നൽകിത്തീർക്കാം എന്ന ഉറപ്പിൽ വാതിൽപ്പടി വിതരണക്കാർ സമരം അവസാനിപ്പിച്ചെന്നും ജിആർ അനിൽ പറഞ്ഞു.
Adjust Story Font
16