എ.രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രിംകോടതി
നിയമസഭാ നടപടികളിൽ ഇനി രാജക്ക് പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല
കൊച്ചി: ദേവികുളം എം.എൽ.എ എ.രാജയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തു. സുപ്രിംകോടതിയാണ് സ്റ്റേ അനുവദിച്ചത്. നിയമസഭാ നടപടികളിൽ ഇനി രാജക്ക് പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജുലൈയിൽ കേസ് പരിഗണിക്കുന്നത് വരെയാണ് സ്റ്റേ അനുവദിച്ചത്. ഹരജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളമോ മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി രാജയുടെ എം.എൽ.എ സ്ഥാനം റദ്ദാക്കിയത്. ഇതേ തുടർന്നാണ് രാജ സുപ്രിം കോടതിയെ സമീപിക്കുന്നത്. സി.പി.എം സ്ഥാനാർഥിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് ഡി.കുമാറിന്റെ ആരോപണം. എന്നാൽ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ താൻ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ കോടതിയെ അറിയിച്ചിരുന്നു. തന്റെ പൂർവികർ 1950-ന് മുമ്പ് കേരളത്തിലേക്ക് എത്തിയവരാണെന്നും ഹിന്ദുമത ആചാര പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്നും രാജ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16