Quantcast

ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോർട്ടും മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ശേഖരിച്ചാവും അന്വേഷണം

MediaOne Logo

Web Desk

  • Published:

    25 Nov 2024 1:46 AM GMT

saji cheriyan
X

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ അറിയിച്ചു. പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോർട്ടും മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ശേഖരിച്ചാവും അന്വേഷണം.

തന്‍റെ മല്ലപ്പള്ളി പ്രസംഗത്തിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മന്ത്രി സജി ചെറിയാൻ അപ്പീൽ പോകാനാണ് സാധ്യത. എന്നാൽ അതുവരെ കാക്കാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. അതിനാൽ ഇന്ന് അന്വേഷണസംഘത്തെ തീരുമാനിച്ചുകൊണ്ട് അന്വേഷണം തുടങ്ങാനാണ് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാകും അന്വേഷണത്തിന് നിയോഗിക്കുക. ഹൈക്കോടതിയുടെ നിർദേശമുണ്ടായ സ്ഥിതിക്ക് ക്രൈം ബ്രാഞ്ച് മേധാവി തന്നെ അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിച്ചേക്കും.

പ്രസംഗത്തിന്‍റെ ഫോറൻസിക് തെളിവും മന്ത്രിയുടെ ശബ്ദ പരിശോധനാ റിപ്പോർട്ടും കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. പൊലീസ് ഒരിക്കൽ അന്വേഷിച്ച് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. അന്ന് രേഖപ്പെടുത്താതിരുന്ന മാധ്യമപ്രവർത്തകരുടെ മൊഴിയടക്കം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് കേസ്. 2022 ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം.



TAGS :

Next Story