കൊല്ലത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി
ചിതൽവെട്ടിയിലെ എസ്‌റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാർക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്
കൊല്ലം: പത്തനാപുരം ചിതൽ വെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചെ മൂന്നരയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു പ്രദേശവാസികൾ.
ചിതൽവെട്ടിയിലെ എസ്‌റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാർക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്. വനംവകുപ്പ് ക്യാമറയടക്കം സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം വനംവകുപ്പ് കൂട് സ്ഥാപിച്ചു.
കൂട്ടിനുള്ളിൽ നായയെ കെട്ടിയിട്ട് പുലിയെ ആകർഷിച്ച് കുടുക്കാനായിരുന്നു പദ്ധതി. കൂട് സ്ഥാപിച്ച് മൂന്നാം ദിവസം പുലി കുടുങ്ങി. പുലിയെ ഉൾക്കാട്ടിൽ തുറന്നു വിടാനാണ് നീക്കം. ഡോക്ടർമാരുടെ പരിശോധനയിൽ പുലി ആരോഗ്യവാനെങ്കിൽ വനത്തിൽ തുറന്നു വിടുമെന്ന് റേഞ്ച് ഓഫീസർ ബി.ഗിരി അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു പുലിയുടെ സാന്നിധ്യം കൂടിയുണ്ടെന്നാണ് വിവരം. നിലവിലെ കെണിക്കൂട് ഉപയോഗിച്ച് ആ പുലിയെയും കുടുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Adjust Story Font
16