നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കും മാറ്റും
എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്ജിയിൽ മാറ്റമില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ സി.ബി.ഐ പ്രത്യേക കോടതിയിൽ നിന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കും മാറ്റും. എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്ജിയിൽ മാറ്റമില്ല. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജിയായി മാറ്റിയതിനെ തുടർന്നാണ് കോടതി മാറ്റം.
അതേസമയം കേസില്‍ ടിക്കും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയം വിചാരണാ കോടതി പരിശോധിച്ചു വരികയാണ്. അതിനിടെ അതിജീവിതയെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചതെങ്ങനെയെന്ന് ദിലീപ് ചോദിച്ചു. നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചു. നടിക്കെതിരെ ലൈംഗിക അതിക്രമമാണോ നടന്നത് എന്നതില്‍ സംശയമുണ്ട്. അക്രമിച്ച് പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണെന്നും ദിലീപ് പറയുന്നു. കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ നൽകിയ ഹരജിയിലാണ് ദിലീപിന്‍റെ ആരോപണം.
വിചാരണ നേരത്തെയാക്കണമെന്നു ആവശ്യപ്പെട്ട് ദിലീപ് നേരത്തെയും ഹരജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ഖാൻ വിൽക്കറാണ് മുൻകാലങ്ങളിൽ ഹരജി പരിഗണിച്ചിരുന്നത് . അദ്ദേഹം വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിക്കുന്ന മറ്റൊരു ബഞ്ച് വാദം കേൾക്കും.
Adjust Story Font
16