ലഹരി മാഫിയക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങി വെൽഫെയർ പാർട്ടി
ലഹരി ഉപയോഗത്തിലെ നിയന്ത്രണാതീത വർദ്ധനവുണ്ടാവുന്ന സാഹചര്യത്തിൽ ഇതിലെ യഥാർത്ഥ കണ്ണികളെ കണ്ടെത്തി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു
തിരുവനന്തപുരം: വിവിധതരം ലഹരികളുടെ ഉപയോഗം നിയന്ത്രണാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ലഹരിക്കെതിര ക്യാമ്പയിൻ സംഘടിപ്പിക്കാനൊരുങ്ങി വെൽഫെയർ പാർട്ടി. ലഹരി വിതരണത്തിലെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകുന്നതിനും സംസ്ഥാന സർക്കാർ ആർജ്ജവം കാണിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
''പുകവലി, മയക്കുമരുന്ന് നിരോധന നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവ ശാസ്ത്രീയമല്ല എന്നുള്ളതാണ് ലഹരി ഉപയോഗത്തിന്റെ വർദ്ധനവ് തെളിയിക്കുന്നത്. ചെറിയ അളവിലും വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ വിദ്യാർഥികളിലൂടെ കൈമാറ്റം ചെയ്യാൻ ഏജൻറ്മാർ ശ്രമിക്കുന്നതിലൂടെ വലിയ മാഫിയ ശൃംഖലകളാണ് രൂപപ്പെട്ടു വരുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരിപദാർത്ഥങ്ങൾ വ്യാപകമാക്കുന്നതിന് വേണ്ടി നിയമത്തിന്റെ തന്നെ സാധ്യതകളെയാണ് ഇത്തരം മാഫിയ സംഘങ്ങൾ ദുരുപയോഗപ്പെടുത്തുന്നത്. ലഹരി വിതരണ ശൃംഖലയിലെ കേവലം ഏജന്റുമാരെ മാത്രമാണ് ചെറിയതോതിൽ എങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുന്നുള്ളൂ. പലപ്പോഴും യഥാർത്ഥ പ്രതികൾ തങ്ങളുടെ രാഷ്ട്രീയ - സാമൂഹിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ വിലക്കു വാങ്ങുകയാണ്.''
അനധികൃതമായി ലഹരി കൈവശം വയ്ക്കുന്ന എല്ലാവർക്കുമെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. എൻ.ഡി.പി.എസ് ആക്ടിലെ കൈവശം വെക്കുന്ന അളവുകളിൽ വാണിജ്യാവശ്യം, ചെറിയ അളവ്, ഇതിനിടയിലുള്ള അളവ് എന്ന വേർതിരിവ് ഒഴിവാക്കണം. ഈ പഴുത് മൂലം നിലവിൽ ഒരു കിലോ വരെ കഞ്ചാവ് സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ജാമ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതുമൂലം കുട്ടികളെ കാര്യർമാരായി ഉപയോഗിക്കാൻ മയക്കു മരുന്ന് മാഫിയക്ക് സാധ്യമാകുന്നു. അനധികൃതമായി എത്ര കുറഞ്ഞ അളവ് മയക്കുമരുന്നുകൾ കൈവശം വെച്ചാലും വലിയ ശിക്ഷ ലഭിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റം വരണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സാങ്കേതിക തടസ്സങ്ങൾ ഇല്ലാതെ തന്നെ സർക്കാർ സേവന മേഖലയിൽ നിന്ന് പിരിച്ചുവിടാനും അവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാനും സർക്കാരിന് കഴിയണം. ലഹരി വിതരണത്തിൽ വിദ്യാർത്ഥികളെ ദുരുപയോഗപ്പെടുത്തി മയക്കുമരുന്ന് ശൃംഖല വർദ്ധിപ്പിക്കുന്ന മാഫിയങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. മദ്യമടക്കമുള്ള എല്ലാ ലഹരി വസ്തുക്കളോടും പൊതുസമൂഹത്തിന് തികഞ്ഞ ജാഗ്രത ഉണ്ടാകുന്ന തരത്തിൽ ജനകീയ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്താൻ ജനാധിപത്യ സംഘടനകൾ രംഗത്തു വരണം. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയങ്ങൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
Adjust Story Font
16