Quantcast

കോടികൾ കുടിശ്ശിക; ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികള്‍ താളം തെറ്റുന്നു

കേന്ദ്രസർക്കാർ വിഹിതം ലഭിക്കാത്തതിനാൽ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ പദ്ധതികളിലും കുടിശ്ശികയുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-02 01:07:53.0

Published:

2 July 2024 1:01 AM GMT

health schemes
X

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്‍റെ ക്ഷേമ പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുന്നു. കോടിക്കണക്കിന് രൂപയാണ് കുടിശ്ശിക ഇനത്തിൽ ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നൽകാനുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 1,200 കോടിയിലധികം ആണ് കുടിശ്ശിക. കേന്ദ്രസർക്കാർ വിഹിതം ലഭിക്കാത്തതിനാൽ ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ പദ്ധതികളിലും കുടിശ്ശികയുണ്ട്.

സർക്കാരിന്‍റെ ആരോഗ്യക്ഷേമ പദ്ധതികളിൽ ആനുകൂല്യം പ്രതീക്ഷിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. യഥാസമയം ആശുപത്രികൾക്ക് 'പണം ലഭിക്കാതെ പദ്ധതികളുടെ പ്രവർത്തനം പാതിവഴിയിലാണ്. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം 1,255 കോടി രൂപ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കുടിശ്ശികയിനത്തിൽ നൽകാനുണ്ട്. ആരോഗ്യകിരണം പദ്ധതിക്ക് 3.99 കോടി. കാരുണ്യ ബനവലന്‍റ് ഫണ്ടിന് 217.68 കോടിയാണ് കുടിശ്ശിക. ഹൃദ്യം പദ്ധതിയിൽ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുമ്പോഴും10.38 കോടിയാണ് ആശുപത്രികൾക്ക് നൽകാനുള്ളത്. ജനനി ശിശു സുരക്ഷാ പദ്ധതിക്ക് 34.87 കോടിയും ആർ.ബി.എസ്. കെ പദ്ധതിക്ക് 10.12 കോടിയാണ് കുടിശ്ശിക.

ധനവകുപ്പിൽ നിന്ന് യഥാസമയം പണം ലഭിക്കാത്തതാണ് പദ്ധതികളുടെ പ്രവർത്തനം താളം തെറ്റാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഇപ്പോഴത്തെ കുടിശ്ശിക തീർത്തില്ലെങ്കിൽ പദ്ധതികൾ നിലയ്ക്കുന്ന സ്ഥിതിയുണ്ടാകും. ശ്രുതി തരംഗം പദ്ധതിയിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തത് തിരിച്ചടിയാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 637 കോടി രൂപ കേന്ദ്രസർക്കാർ വിഹിതത്തിൽ കുടിശ്ശികയായി ലഭിക്കാനുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഒന്നാം ഗഡുവും കേന്ദ്രം നൽകാനുള്ള കണക്കിൽപ്പെടുന്നു. ഈ തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായിട്ടില്ല. നിയമസഭയിൽ ആരോഗ്യമന്ത്രി രേഖാ മൂലം നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ കണക്ക് ഉള്ളത്.



TAGS :

Next Story