Quantcast

ജയിലിൽ സഹതടവുകാരെയും ജീവനക്കാരെയും മർദിച്ച് മോഷണക്കേസ് പ്രതി; അഞ്ച് പേർ ആശുപത്രിയിൽ

പന്മന സ്വദേശി 'ചില്ല് ശ്രീകുമാർ' എന്ന ശ്രീകുമാറാണ് ആക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    8 Dec 2024 1:52 AM GMT

Theft suspect assaults fellow inmates and staff in prison
X

കൊല്ലം: കൊട്ടാരക്കര സബ് ജയിലിൽ സഹ തടവുകാർക്കും ജയിൽ ജീവനക്കാർക്കും തടവുകാരന്റെ ക്രൂരമർദ്ദനം. പന്മന സ്വദേശി ചില്ല് ശ്രീകുമാർ എന്ന ശ്രീകുമാറാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം കേസുകളിൽ പ്രതിയാണ് ശ്രീകുമാർ.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ശ്രീകുമാർ ജയിലിൽ ആക്രമണം നടത്തിയത്. സഹതടവുകാരൻ ആയിരുന്ന രാജീവിനെ രണ്ട് ദിവസം മുൻപ് മർദിച്ചു. പരാതി നൽകിയതിനെ തുടർന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റിയ ശ്രീകുമാർ അവിടെയും ആക്രമണം തുടർന്നു. മനു, ജയിൻ സാം എന്നീ സഹതടവുകാർക്കായിരുന്നു ഇത്തവണ മർദനം. നിലവിളി കേട്ട് ജയിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പിടിച്ചുമാറ്റാൻ ശ്രമിക്കവേ ഇവരെയും ശ്രീകുമാർ മർദിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ, രാമചന്ദ്രൻ എന്നിവർ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശ്രീകുമാർ മോഷണ കേസിൽ റിമാൻഡിലാണ്. കെഎസ്ആർടിസി ബസിന്റെ ചില്ലറിഞ്ഞ് തകർത്തതോടെയാണ് ചില്ല് ശ്രീകുമാർ എന്ന പേര് വീണത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയ സമയത്തും ശ്രീകുമാർ അക്രമാസക്തനായതായി പരാതിയുണ്ട്.

ജയിലിലെ ആക്രമണം സംബന്ധിച്ച് അധികൃതർ ഡിജിപിക്കും കോടതിയിലും റിപ്പോർട്ട് നൽകി. ജയിലിനുള്ളിൽ അക്രമം നടത്തിയതിനും ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രതിക്ക് എതിരെ പോലീസിൽ പരാതി നൽകിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.

TAGS :

Next Story