'നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകളില്ല'; ആരോഗ്യമന്ത്രി വീണ ജോർജ്
ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു
കോഴിക്കോട്: കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെടുന്നുണ്ട്. ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട് എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല. ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിവലിൽ സമ്പർക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 പേരാണുള്ളത്. ഇതിൽ 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. രോഗവ്യാപനം തടയാൻ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ല. ഇൻഡക്സ് കേസിന്റെ ഹൈ റിസ്ക് കോണ്ടാക്ടുകളെയും പരിശോധിച്ചിരുന്നു.
42 ദിവസം കൂടി നിപ കണ്ട്രോൾ റൂം പ്രവർത്തിക്കും. ഇനി പോസിറ്റീവ് കേസുകൾ ഇല്ല എന്നുറപ്പിക്കാനാണ് ഇത്. പ്രാഥമിക പരിശോധനയായ ട്രൂനാറ്റ് തോന്നയ്ക്കൽ, എൻ.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നടത്താം. എന്തുകൊണ്ട് കോഴിക്കോട് നിപ എന്നതിന് ഐ.സി.എം.ആറിനും ഉത്തരമില്ലെന്നും എന്നാൽ അന്തിമ പരിശോധന നടത്തി സ്ഥിരീകരണം നൽകേണ്ടത് പുണെ എൻ.ഐ.വി ആണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Adjust Story Font
16