മെഡിസെപ്പിനെതിരെ ആസൂത്രിത പ്രചരണം നടക്കുന്നു; ഇതുവരെ 42.9 കോടിരൂപ അനുവദിച്ചു- കെ.എൻ ബാലഗോപാൽ
ജില്ലകളുടെ കണക്കെടുത്താൽ 2,695 ക്ലെയിമുകൾ അംഗീകരിച്ച കോഴിക്കോടാണ് മുന്നിൽ.
മെഡിസെപ് പദ്ധതിക്കെതിരെ വരുന്ന വാർത്തകൾ ആസൂത്രിതമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 44 ദിവസം കൊണ്ട് 42.9 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതി തുടങ്ങുമ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിച്ചുവെന്നും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.
ചെറിയ ബുദ്ധിമുട്ടുകളും ആദ്യ ദിവസങ്ങളിൽ ചിലയിടങ്ങളിലൊക്കെ മെഡിസെപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. അപൂർവം ചില ആശുപത്രികൾ പദ്ധതിയെ പൂർണമായി ഉൾക്കൊള്ളാത്ത സ്ഥിതിയും ഉണ്ടായിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അതിൽ ഇടപെടാനും ഭൂരിഭാഗവും പരിഹരിക്കാനും സർക്കാരിനും പദ്ധതിയുടെ നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ജില്ലകളുടെ കണക്കെടുത്താൽ 2,695 ക്ലെയിമുകൾ അംഗീകരിച്ച കോഴിക്കോടാണ് മുന്നിൽ. എറണാകുളം- 2,339 മലപ്പുറം- 1,808 തിരുവനന്തപുരം- 1,735 കൊല്ലം- 1,618 എന്നിങ്ങനെ വിവിധ ജില്ലകളിൽ മികച്ച നിലയിൽ ഗുണഭോക്താക്കൾക്ക് സേവനം ലഭ്യമായിട്ടുണ്ട്.
ചെറിയ പ്രശ്‌നങ്ങൾ ഊതിപ്പെരിപ്പിച്ചും തെറ്റായ വാർത്തകൾ നൽകിയും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്വപ്‌ന പദ്ധതിയായ മെഡിസപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16