കെപിസിസി അധ്യക്ഷ പദവിയിൽ തത്കാലം മാറ്റമുണ്ടാകില്ല; കെ. സുധാകരന് ഹൈക്കമാൻഡിന്റെ ഉറപ്പ്
ഉചിത സമയത്ത് പദവി ഒഴിയേണ്ടി വരും

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ തത്കാലം മാറ്റമുണ്ടാകില്ലെന്നു കെ. സുധാകരന് ഹൈക്കമാൻഡ് ഉറപ്പ്. അതേ സമയം ഉചിത സമയത്ത് പദവി ഒഴിയേണ്ടി വരുമെന്നും അക്കാര്യം പിന്നീട് അറിയിക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര ജാഥയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും നിർദേശം നൽകി.
കെ. സുധാകരൻ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയുമ്പോൾ ഉണ്ടാകുന്ന പരിക്കിനേക്കാൾ പലമടങ്ങ് ആഴത്തിലുള്ള പരിക്ക് നിർബന്ധപൂർവം മാറ്റിയാൽ ഉണ്ടാകുമെന്ന തിരിച്ചറിവാണ് തൽസ്ഥിതി തുടരാൻ ഇടയാക്കിയത്. ആരോഗ്യ പ്രശ്നത്തിന്റെ പേരിൽ തന്നെ നീക്കിയാൽ എംപി എന്ന രീതിയിൽ എങ്ങനെ പ്രവർത്തിക്കുമെന്നാണ് സുധാകരന്റെ ചോദ്യം.
അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയാൽ എംപി സ്ഥാനത്തുനിന്നും രാജിവയ്ക്കുമെന്ന സൂചനയാണ് സുധാകരൻ നൽകിയത്. സുധാകരൻ മാറണമെന്ന് ഹൈക്കമാൻഡിൽ ആവശ്യപ്പെടുന്നവർ പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നത് ആശ്വാസമായി.
ദേശീയ തലത്തിൽ പുനഃസംഘടന വരുമ്പോൾ പ്രവർത്തക സമിതി അംഗമായോ സ്ഥിരം ക്ഷണിതാവാക്കിയോ സുധാകരനെ നിയോഗിക്കും. രണ്ട് മാസത്തിനുളിൽ ഇത്തരത്തിലുള്ള നീക്കം ഉണ്ടായേക്കും. ഈ നീക്കുപോക്കിന്റെ അടിസ്‌ഥാനത്തിൽ അല്ലാതെ സുധാകരൻ മാറേണ്ടതില്ല.
പ്രതിപക്ഷ നേതാവും പിസിസി അധ്യക്ഷനും ഒരുമിച്ചു പ്രവർത്തിക്കണം. നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് എന്നിവ അടുത്തിരിക്കെ നേതാക്കൾ തമ്മിൽ സ്വരച്ചേർച്ചയിലെങ്കിൽ പ്രവർത്തകരുടെ ആത്മവീര്യം കെട്ടുപോകുമെന്നും ചൂണ്ടിക്കാട്ടുന്നു .
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയ്ക് കെ. സുധാകരന്റെ പ്രവർത്തനശൈലിയിൽ എതിർപ്പുണ്ടെങ്കിലും യോഗങ്ങളിൽ നീരസം പ്രകടിപ്പിക്കരുതെന്നും നിർദേശം നൽകി. അതേസമയം, പ്രതിപക്ഷ നേതാവിനെ വിമർശിച്ചതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ തരത്തിൽ വേട്ടയാടൽ നേരിടുന്നതായി ഹൈക്കമാൻഡിനെ എ.പി അനിൽകുമാർ അറിയിച്ചു.
Adjust Story Font
16