Quantcast

ആളില്ലാത്ത വീട്ടിൽ നിന്ന് 87.5 പവൻ സ്വർണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

രണ്ടാഴ്ചക്കിടെ തിരുവനന്തപുരം നഗരത്തിൽനിന്ന് മാത്രം ഒരുകോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2023-07-11 01:23:54.0

Published:

11 July 2023 1:11 AM GMT

crime
X

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് ആളില്ലാത്ത വീട്ടിൽ നിന്നും 87.5 പവൻ സ്വർണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷഫീഖ് ആണ് പോലീസ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നത്. നഗരത്തിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നുമാണ് വ്യാഴാഴ്ച സ്വർണാഭരണങ്ങൾ മോഷണം പോയത്. വിദേശത്ത് എഞ്ചിനീയർ ആയിരുന്ന ആർ ബാലസുബ്രഹ്മണ്യ അയ്യരുടെ ഇരുനില വീട്ടിലായിരുന്നു കവർച്ച. കുടുംബം തിരുച്ചെന്തൂർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം.

ബാലസുബ്രഹ്മണ്യന്റെ മകനും എഞ്ചിനീയറുമായ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ടാണ് ബാങ്ക് ലോക്കറിലിരുന്ന ആഭരണങ്ങൾ എടുത്തത്. ബുധനാഴ്ച ചടങ്ങ് കഴിഞ്ഞെങ്കിലും ആഭരണങ്ങൾ തിരിച്ച് ലോക്കറിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. തിരുച്ചെന്തൂരിൽ നിന്ന് എത്തിയ ഉടൻ ആഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാനിരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടിന് വീടുപൂട്ടി തിരുച്ചെന്തൂരിലേക്ക് പോയ കുടുംബം തിരിച്ചെത്തി മുകളിലത്തെ നിലയിൽ കയറിയപ്പോഴാണ് രണ്ട് മുറികളിൽ മോഷണം നടന്നതായി കണ്ടത്. സുബ്രഹ്മണ്യന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 58.5 പവൻ ആഭരണങ്ങളും മകൻ രാമകൃഷ്ണന്റെ മുറിയിലെ അലമാരയിൽ നിന്നു 29 പവൻ സ്വർണവും നഷ്ടമായി. ബന്ധുക്കളുടെ ആഭരണങ്ങളും ഇതിൽ ഉണ്ടായിരുന്നു.

ഏതാനും ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിൽ മോഷണം തുടർക്കഥയാണ്. രണ്ടാഴ്ചക്കിടെ തിരുവനന്തപുരം നഗരത്തിൽനിന്ന് മാത്രം ഒരുകോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

TAGS :

Next Story