വീട്ടുകാർ അടുക്കളയിൽ, മുൻവാതിൽ തുറന്നെത്തി കള്ളൻ; പണവും പഴ്‌സുമായി കടന്നു
കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ മോഷ്ടാക്കൾ വിലസുന്നു. ഒറ്റ രാത്രിയിൽ പന്തലാംപാടം, വാണിയംപാറ മേഖലകളിലെ വിവിധ ഇടങ്ങളിലാണ് കവർച്ചയുണ്ടായത്. . പന്തലാംപാടം മയ്യത്താങ്കര ജാറത്തിലും , വാണിയംപാറയിലെ ഒരു വീട്ടിലുമാണ് മോഷണം നടന്നത്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
വർധിച്ചു വരുന്ന മോഷണങ്ങൾ തടയാൻ വടക്കഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചിട്ട് ആഴ്ച ഒന്നാകുന്നേയുള്ളു. പക്ഷേ മോഷ്ടാക്കൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. ഏറ്റവും ഒടുവിൽ മയ്യത്താങ്കര ജാറത്തിലും , വാണിയംപാറ മേലെ ചുങ്കത്ത് തറയിൽ അരുണിന്റെ വീട്ടിലുമാണ് ഒറ്റ രാത്രിയിൽ മോഷണം നടന്നത്. സമീപത്തെ വീടുകളിൽ മോഷണശ്രമവും നടന്നു. മയ്യത്താങ്കര ജാറത്തിൽ നിന്നും 8000 രൂപയാണ് നഷ്ടമായത്.
അരുണിന്റെ വീട്ടിൽ നിന്നും 10000 രൂപയും , എം ടി എം കാർഡ് അടങ്ങിയ പേഴ്സും മോഷ്ടിച്ചു. രാത്രി ഒമ്പതരയോടെയാണ് ഇവരുടെ വീട്ടിൽ മോഷണം നടന്നത്. ഈ സമയം അരുണും ഭാര്യയും , അമ്മയും അടുക്കളയിലായിരുന്നു. മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല. അരുണിന്റെ സഹോദരൻ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ജേഷ്ഠന്റെ മുറിയിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്.
ആർക്കും സംശയം തോന്നാത്ത വിധം മുറിയിൽ നിന്നും വന്ന ഇയാൾ വീടിന് പുറത്ത് എത്തിയതും പറമ്പിലൂടെ ഓടിമറഞ്ഞു. ഇതോടെ അരുണും സഹോദരനും ബഹളം വെച്ച് സമീപത്തുള്ളവരെയും വിവരം അറിയിച്ചു. ഇങ്ങനെ അയൽവാസി മുകളിൽ കയറി ടോർച്ച് അടിച്ച് നോക്കിയപ്പോൾ മോഷ്ടാവ്. ടെറസിലെ കസേരയിൽ ഇരിക്കുകയായിരുന്നു. പെട്ടന്ന് അവിടെ നിന്നും ചാടി ഇയാൾ പിൻവശത്തെ പറമ്പിലൂടെ രക്ഷപ്പെട്ടു.
പന്തലാംപാടം ജാറത്തിൽ രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. ജാറത്തിന്റെ മുൻവശത്തെ ഗ്രിൽ ഡോറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. രണ്ടാഴ്ച മുൻപ് സമീപത്തെ ദേശീയപാതയോരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 10 പവനും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. സംഭവത്തിന് പിന്നിലുള്ള ഒരാളെയും പിടികൂടാൻ പോലീസിന് സാധിക്കാത്തതാണ് ആളുകളുടെ ഭയം കൂട്ടുന്നത്. ജാഗ്രത ശക്തമാക്കിയിട്ടും വടക്കഞ്ചേരിയുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ വിഹരിക്കുകയാണ്
Adjust Story Font
16