Quantcast

ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റ്, നവയുഗവും ചിലത് എഴുതി, വിവാദങ്ങൾ അവസാനിപ്പിക്കണം: കോടിയേരി ബാലകൃഷ്ണൻ

ചിന്തയുടെ പരാമർശങ്ങൾക്കെതിരെ നവയുഗത്തിന്റെ അടുത്ത ലക്കത്തിൽ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-03 10:52:45.0

Published:

3 April 2022 10:49 AM GMT

ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റ്, നവയുഗവും ചിലത് എഴുതി, വിവാദങ്ങൾ അവസാനിപ്പിക്കണം: കോടിയേരി ബാലകൃഷ്ണൻ
X

ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നവയുഗവും ചില കാര്യങ്ങൾ എഴുതിയിട്ടുണ്ട്, ഇരു ഭാഗത്തു നിന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി. ചിന്തയ്ക്കും സിപിഎമ്മിനുമെതിരെ 'കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ' എന്ന തലക്കെട്ടോടെ നവയുഗത്തിൽ ലേഖനം വന്നതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.

വിവാദം അവസാനിപ്പിക്കാൻ സിപിഎം ചിന്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സി.പി.ഐയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാവണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. വിവാദങ്ങൾ അനവസരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐക്കുനേരെ നിശിത വിമർശനമായിരുന്നു ചിന്താ വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു ലേഖനത്തിലെ പരാമർശം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ എന്നും 'ചിന്ത' ലേഖനത്തിൽ വ്യക്തമാക്കി. പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് 'തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ' എന്നപേരിൽ ചിന്തയിലെ ലേഖനം. സി.പി.എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാനുമായ ഇ രാമചന്ദ്രനാണ് ചിന്തയിലെ ലേഖനം എഴുതിയത്.

ചിന്തയുടെ പരാമർശങ്ങൾക്കെതിരെ നവയുഗത്തിന്റെ അടുത്ത ലക്കത്തിൽ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ ചിന്തയുടേത് സിപിഎമ്മിന്റെ വാദമല്ലെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ചിന്ത വാരികയിലെ പരാമർശങ്ങൾ ഹിമാലയൻ മണ്ടത്തരമാണെന്നായിരുന്നു സിപിഐയുടെ വിമർശനം. യുവാക്കൾക്ക് സായുധ വിപ്ലവമോഹം നൽകിയത് സി പി ഐ എമ്മാണെന്നും നവയുഗം വിമർശിച്ചു. ഇ.എം.എസിനെയും ലേഖനത്തിൽ വിമർശിക്കുകയുണ്ടായി. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഎമ്മിന് ഒരിക്കലും സാധിച്ചിട്ടില്ലെന്നും കൂട്ടത്തിലുള്ളവരെ വർഗ്ഗവഞ്ചകർ എന്ന് വിളിച്ചത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നുവെന്നും നവയുഗം ലേഖനം വ്യക്തമാക്കി. നക്സൽബാരി സംഭവങ്ങളുടെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്നും ലേഖനം കുറ്റപ്പെടുത്തി.

TAGS :

Next Story