Quantcast

ആശമാരുമായി മൂന്നാംഘട്ട ചർച്ച ആരംഭിച്ചു; ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരക്കാർ

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ സമരം തുടരുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    3 April 2025 12:11 PM

Published:

3 April 2025 10:13 AM

third phase discussion between asha workers and minister soon
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരത്തിൽ മൂന്നാം ഘട്ട മന്ത്രിതല ചർച്ച ആരംഭിച്ചു. ഓണറേറിയം വർധന, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ കൂടാതെ ട്രേഡ് യൂണിയൻ നേതാക്കളെയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ സമരം തുടരുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു. എത്ര പെരുമഴയും പൊരിവെയിലും കൊണ്ടാലും എന്തൊക്കെ യാതനകൾ സഹിക്കേണ്ടിവന്നാലും ആവശ്യങ്ങൾ അം​ഗീകരിക്കപ്പെട്ട ശേഷമേ തിരിച്ചുപോവൂ എന്നും അവർ വ്യക്തമാക്കി. വി കെ സദാനന്ദൻ, എം.എ ബിന്ദു, എസ്. മിനി, കെ.പി റോസമ്മ എന്നീ നാല് പേരാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്.

ഓണറേറിയം വർധന ആവശ്യപ്പെടില്ലെന്ന നിലപാടിലാണ് സിഐടിയു ഉള്ളത്. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ‌. ചന്ദ്രശേഖരനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ 53ാം ദിവസമാണ് മൂന്നാംഘട്ട ചർച്ച നടക്കുന്നത്.

ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അത് എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പായി ലഭ്യമാക്കുക, ഇൻസെന്റീവിന്റെ മാനദണ്ഡങ്ങൾ പിൻവലിക്കുക, പെൻഷൻ ഏർപ്പെടുത്തുക, വിരമിക്കൽ പ്രായം 65 ആക്കുക, വിരമിക്കുന്ന സമയം അഞ്ച് ലക്ഷം രൂപ നൽകുക, സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് ആശമാർ ഉന്നയിക്കുന്നത്.

നേരത്തെ രണ്ട് തവണ നടത്തിയ ചർച്ചകളും പരാജയമായിരുന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വീണ്ടും ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചത്. ഇതിനിടെ ആശമാർക്ക് പിന്തുണയുമായി ഐഎൻടിയുസിയും രംഗത്തെത്തുകയായിരുന്നു.

കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ ആരോഗ്യമന്ത്രി സമരക്കാരെ അറിയിക്കും. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല എന്ന് നേരത്തെ തന്നെ മന്ത്രി അറിയിച്ചിരുന്നു. ഇതാണ് മുൻചർച്ചകൾ പരാജയപ്പെടാൻ കാരണം.

TAGS :

Next Story