Quantcast

മൂന്നാം തരംഗം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി; 33 ഓക്സിജന്‍ ജനറേഷന്‍ യൂനിറ്റുകള്‍ ഉടന്‍ സജ്ജമാക്കും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജൻ ജനറേഷൻ യൂനിറ്റുകൾ ആഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2021-07-31 11:18:14.0

Published:

31 July 2021 10:33 AM GMT

മൂന്നാം തരംഗം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി; 33 ഓക്സിജന്‍ ജനറേഷന്‍ യൂനിറ്റുകള്‍ ഉടന്‍ സജ്ജമാക്കും
X

അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ കോവിഡ് സംസ്ഥാനത്ത് കൂടുതൽ വിനാശകരമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുന്നറിയിപ്പ്. കോവിഡ്-19 രോഗസംക്രമണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതു കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.

സംസ്ഥാനം രണ്ടാം തരംഗത്തിൽനിന്ന് പൂർണമായി മോചനം നേടിയിട്ടില്ല. ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുകയാണ്. മാത്രമല്ല അതിവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിനുമുൻപ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഗുരുതരാവസ്ഥയും ആശുപത്രി കേസുകളും വളരെ കൂടുതലായിരിക്കും. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരമാവധി പേർക്ക് നൽകി പ്രതിരോധം തീർക്കാൻ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്സിൻ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീർക്കേണ്ടതാണ്. വാക്സിൻ എടുത്താലും മുൻകരുതലുകൾ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാം തരംഗം മുന്നിൽകണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഓക്സിജൻ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അവലോക യോഗം ചേർന്നു. രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാൽ ഓക്സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനത്തിന്റെ പദ്ധതികൾ, സി.എസ്.ആർ ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്സിജൻ ജനറേഷൻ യൂനിറ്റുകൾ പ്രവർത്തനസജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജൻ ജനറേഷൻ യൂനിറ്റുകൾ ആഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ മന്ത്രി മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. ഇതിലൂടെ 77 മെട്രിക് ടൺ ഓക്സിജൻ അധികമായി നിർമിക്കാൻ സാധിക്കും. സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന 38 ഓക്സിജൻ ജനറേഷൻ യൂനിറ്റുകളുടെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി. കോവിഡ് രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചർച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതികളുടെ നിർവഹണം പൂർത്തിയാക്കുന്നതിന് കെ.എം.എസ്.സി.എൽ, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

കോവിഡ് കേസുകളിലെ വർധനയും മൂന്നാം തരംഗവും മുന്നിൽകണ്ട് മെഡിക്കൽ കോളേജുകളിലെയും മറ്റ് ചികിത്സാകേന്ദ്രങ്ങളിലെയും കോവിഡ് ചികിത്സാ സാധനസാമഗ്രികളുടെ കരുതൽ ശേഖരം ഉറപ്പുവരുത്താൻ വകുപ്പ് മേധാവികൾക്ക് മന്ത്രി നിർദേശം നൽകി. കെ.എം.എസ്.സി.എൽ എം.ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. ബിന്ദു മോഹൻ, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

TAGS :

Next Story