Quantcast

കുഴിനഖ ചികിത്സക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി; തിരുവനന്തപുരം കലക്ടറുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം

കെ.ജി.എം.ഒ.എക്ക് പുറമേ തൊഴിലാളി സംഘടനകളും സർക്കാറിനു മുന്നിൽ പരാതിയുമായി ഉടൻ എത്തിയേക്കും

MediaOne Logo

Web Desk

  • Published:

    15 May 2024 1:50 AM GMT

thiruvananthapuram district collector
X

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം കലക്ടറുടെ നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം. ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളുടെ ലംഘനമാണ് കലക്ടർ ജെറോമിക് ജോർജ് നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്ന മുറയ്ക്ക് കലക്ടർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്താണ് ജില്ല കലക്ടർ ജെറോമിക് ജോർജ് കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിരിന്നു. കലക്ടറുടെ നടപടി സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

കലക്ടറുടെ വീടിന് അടുത്ത് ഹോസ്പിറ്റലുകൾ ഇല്ലാതിരിക്കുകയോ, ഉള്ള ഹോസ്പിറ്റൽ വിദൂരത്തായിരിക്കുകയോ, ഗുരുതര രോഗാവസ്ഥയില്‍ ആയിരിക്കുമ്പോഴോ മാത്രമാണ് കലക്ടർക്ക് ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്താൻ കഴിയുക. ഇതാണ് ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം 8(1) പറയുന്നത്.

അതിനിടെ കലക്ടറെ വിമർശിച്ചതിന്റെ പേരിൽ ജോയിൻ കൗൺസിൽ നേതാവിന് ആദ്യം കാരണം കാണിക്കൽ നോട്ടീസും പിന്നീട് ചാർജും മെമ്മോയും നൽകിയ കലക്ടറുടെ നടപടിയിൽ തൊഴിലാളി സംഘടനകൾക്കും കടുത്ത എതിർപ്പുണ്ട്. ഇതിനിടെയാണ് കലക്ടർ ചട്ടലംഘനം നടത്തി എന്ന വിവരം കൂടി പുറത്തുവരുന്നത്. ഇതും കലക്ടർക്കെതിരെ ആയുധമാക്കാനാണ് തൊഴിലാളി സംഘടനകളുടെ നീക്കം.

കെ.ജി.എം.ഒ.എക്ക് പുറമേ തൊഴിലാളി സംഘടനകളും സർക്കാറിനു മുന്നിൽ പരാതിയുമായി ഉടൻ എത്തിയേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്ന മുറക്ക് കലക്ടർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഐ.എ.എസ് അസോസിയേഷന്‍റെ പിന്തുണ കലക്ടർക്കുണ്ട്.

TAGS :

Next Story