'മന്ത്രിയെയോ സ്‌പീക്കറെയോ പേരെടുത്ത് വിമർശിച്ചിട്ടില്ല'- വാർത്തകൾ തള്ളി സിപിഎം
മന്ത്രി റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നുവെന്നടക്കം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ഒരു വ്യക്തിയെയോ, മന്ത്രിമാരെയോ, സ്പീക്കറയോ, പേരെടുത്ത് ആരും വിമർശിച്ചില്ല. മേയറുടെ പേരുപോലും ആരും പരാമർശിച്ചിട്ടില്ല. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസിനും സ്‌പീക്കർ എഎൻ ഷംസീറിനുമെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നുവന്ന വാർത്തകൾ തള്ളിയാണ് സിപിഎം പ്രസ്താവന ഇറക്കിയിരിക്കുന്നത്. നഗരസഭയെ സംബന്ധിച്ച് മേയറുടെ പേര് ആരും പരാമർശിച്ചിട്ടില്ല. അസത്യവും അവാസ്‌തവവുമായ വാർത്തകൾ ഏതോ കേന്ദ്രത്തിൽ തയ്യാറാക്കി മാധ്യമങ്ങൾക്ക് നൽകിയതാണ്. തെറ്റായ വാർത്തകൾ നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം പ്രസ്‌താവനയിൽ വ്യക്തമാക്കി.
എഎൻ ഷംസീറിന് തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും സാധാരണ പാർട്ടിക്കാർക്ക് അപ്രാപ്യരും വ്യവസായികൾക്ക് പ്രാപ്യരുമായെന്ന് കമ്മിറ്റിയിൽ വിമർശനം ഉയർന്നതായായിരുന്നു പുറത്തുവന്ന വാർത്ത. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായതല്ലെന്നും റിയാസ് സൂപ്പർ മുഖ്യമന്ത്രി കളിക്കുന്നുവെന്നുമുള്ള ആരോപണം പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
Adjust Story Font
16