Quantcast

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവില കൂട്ടുന്ന പതിവ് ഇത്തവണത്തെ ബജറ്റിലുണ്ടായേക്കില്ല

ഒരു മാസം മുന്‍പ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത് കൊണ്ട് ഉടനെ ഒരു വില വര്‍ധനവ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്

MediaOne Logo

Web Desk

  • Updated:

    2023-01-21 02:52:50.0

Published:

21 Jan 2023 12:54 AM GMT

Kerala budget presentation
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവില കൂട്ടുന്ന പതിവ് ഇത്തവണത്തെ ബജറ്റിലുണ്ടാകാന്‍ സാധ്യതയില്ല.ഒരു മാസം മുന്‍പ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത് കൊണ്ട് ഉടനെ ഒരു വില വര്‍ധനവ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധവിനുള്ള സാധ്യത കുറവാണ്.

സംസ്ഥാനത്തിന് വരുമാനം കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗമായി സര്‍ക്കാര്‍ സാധാരണകാണുന്നത് മദ്യത്തിന്‍റെ വില ബജറ്റില്‍ വര്‍ധിപ്പിക്കുന്ന എന്നതാണ്. എന്നാല്‍ ആ പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മദ്യനിര്‍മ്മാതാക്കളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയയ ശേഷം വില്‍പന നികുതി വര്‍ധിപ്പിച്ചിട്ട് അധിക സമയമായിട്ടില്ല.10 രൂപ മുതല്‍ 20 രൂപ വരെയാണ് ഒരു ഫുള്ളിന് വര്‍ധിച്ചത്. ഉടനെയുള്ള ഒരു വര്‍ധനവ് ഉചിതമാകില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം.1600 രൂപയുള്ള ക്ഷേമ പെന്‍ഷന്‍ അഞ്ച് വര്‍ഷം കൊണ്ട് 2500 രൂപയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. സാമ്പത്തിക ഞെരുക്കം രൂക്ഷമായിരിക്കുന്നത് കൊണ്ട് കോടികളുടെ അധികബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം മാത്രമേ ക്ഷേമപെന്‍ഷന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുള്ളു. തെരഞ്ഞെടുപ്പുകള്‍ ഒന്നും വരാനില്ലാത്തതും ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമായി വിലയിരുത്തുന്നവരുണ്ട്. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. അതിന്‍റെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയ്ക്കും കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് പരിസ്ഥിതി സംബന്ധിയായ സംരംഭങ്ങൾക്ക് കൂടുതൽ ഇടവും പണവും നീക്കിവെക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.



TAGS :

Next Story